
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) സദ്ഗുരുവിന്റെ ‘മിറക്കിൾ ഓഫ് മൈൻഡ്’ ധ്യാനം ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും വേണ്ടി അവതരിപ്പിച്ചു
ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും വൈബ്രേഷൻ പാറ്റേണുകൾ ഉപയോഗിച്ച് ധ്യാനം അനുഭവവേദ്യമാക്കുന്നതിനായി ഈശ സന്നദ്ധപ്രവർത്തകർ, NISH, പാരാലിമ്പിക് റൈഫിൾ ഷൂട്ടർ സിദ്ധാർത്ഥ് ബാബു എന്നിവർ സംയുക്തമായി ഈ സെഷൻ സംഘടിപ്പിക്കുകയായിരുന്നു.
നവംബർ 3, 2025: എല്ലാവർക്കും ധ്യാനം ലഭ്യമാക്കാനുള്ള ഈശ ഫൗണ്ടേഷന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി, ഒക്ടോബർ 26-ന് തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) ബധിരരും ശ്രവണ വൈകല്യമുള്ളവരുമായ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടി ‘മിറക്കിൾ ഓഫ് മൈൻഡ് മെഡിറ്റേഷൻ എക്സ്പീരിയൻസ് സെഷൻ’ സംഘടിപ്പിച്ചു. സദ്ഗുരു പുറത്തിറക്കിയ ‘മിറക്കിൾ ഓഫ് മൈൻഡ്’ എന്ന 7 മിനിറ്റ് സൗജന്യ മെഡിറ്റേഷൻ ആപ്പ്, ആന്തരിക ക്ഷേമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്നു.
ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും ഈ ധ്യാനം ലഭ്യമാക്കുന്നതിനായി ഈശ സന്നദ്ധപ്രവർത്തകർ, NISH, പാരാലിമ്പിക് റൈഫിൾ ഷൂട്ടർ സിദ്ധാർത്ഥ് ബാബു എന്നിവർ സംയുക്തമായി ഈ പ്രോഗ്രാം സംഘടിപ്പിക്കുകയായിരുന്നു. സെഷനിൽ പങ്കെടുക്കുന്നവർക്ക് ധ്യാനം അനുഭവിച്ചറിയാനും വീട്ടിൽ തനിയെ പരിശീലിക്കാനും സാധിക്കുന്ന ഒരു ഫോർമാറ്റ് സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
https://x.com/miraclemindapp/status/1982396174968766537?s=46
തുടക്കത്തിൽ, പ്രകാശം ഉപയോഗിച്ചുകൊണ്ടുള്ള ഒരു രീതിയാണ് പരീക്ഷിച്ചത്. ഇതിൽ ധ്യാന നിർദ്ദേശങ്ങളുടെ ക്രമം സൂചിപ്പിക്കുന്നതിന് പ്രകാശത്തിന്റെ തെളിച്ചം വർദ്ധിക്കുകയും കുറയുകയും ചെയ്യും. എന്നാൽ വീട്ടിൽ സ്വയം പരിശീലിക്കുന്നതിന് ഈ സമീപനം അപ്രായോഗികമാണെന്ന് കണ്ടെത്തിയതിനാൽ NISH-ലെ ക്രിയേറ്റീവ് മീഡിയ എഡിറ്ററായ അരവിന്ദ്, ബധിര സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനപരിചയമുള്ള അശ്വതിയുമായി സഹകരിച്ച് ധ്യാനം വൈബ്രേഷൻ പാറ്റേണുകളിലേക്ക് മാറ്റിയെടുത്തു. ഇതിലൂടെ, മൊബൈൽ ഉപകരണങ്ങളിലൂടെ എപ്പോൾ വേണമെങ്കിലും ഈ ധ്യാനം തുടർന്നും അനുഭവിക്കാൻ സാധിക്കും.
ധ്യാനാനുഭവം പങ്കുവെച്ചുകൊണ്ട് പൂർവ്വവിദ്യാർത്ഥിയും ഇപ്പോൾ NISH -ലെ ജീവനക്കാരനുമായ പിഷോൺ പറയുന്നു, “ഈ പരിശീലനം വളരെയധികം ശാന്തത നൽകുന്നതായിരുന്നു. ബധിരരായ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ക്ലാസ് ലഭ്യമാക്കാനുള്ള സംഘാടകരുടെ പരിശ്രമം ശ്രദ്ധേയമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, കൂടുതൽ കാരുണ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിലേക്ക് ഇത്തരം സംരംഭങ്ങൾ വഴിയൊരുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവി സെഷനുകളിൽ പങ്കെടുക്കാനും മാനസിക ക്ഷേമത്തിൽ യോഗയുടെയും ധ്യാനത്തിന്റെയും ഗുണഫലങ്ങൾ അനുഭവിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”
ഇന്ത്യൻ ആംഗ്യഭാഷയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന വീഡിയോകളാണ് സെഷനിൽ ഉപയോഗിച്ചത്. ആദ്യം, ഓരോ വൈബ്രേഷൻ പാറ്റേണിന്റെയും അർത്ഥം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിനൽകി. സെഷൻ അവസാനിച്ചപ്പോൾ വൈബ്രേഷൻ അടിസ്ഥാനമാക്കിയുള്ള ധ്യാനത്തിന്റെ ഫയൽ പങ്കെടുത്ത എല്ലാവർക്കും പങ്കുവയ്ക്കുകയും ചെയ്തു. ഇത് വീടുകളിൽ പരിശീലനം തുടരാൻ പ്രോഗ്രാമിൽ പങ്കെടുത്തവരെ പ്രാപ്തരാക്കുന്നു.
NISH-ൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥിനിയായ മുസീന തന്റെ അനുഭവം പങ്കുവെക്കുന്നു, “ഈ ധ്യാനം വളരെ ഫലപ്രദമായിരുന്നു. ഞാൻ മുമ്പ് യോഗ സെഷനുകളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ നിർദ്ദേശങ്ങൾ പാലിക്കാൻ ഇടയ്ക്കിടെ കണ്ണുകൾ തുറക്കേണ്ടി വന്നതിനാൽ അവ ഫലപ്രദമായിരുന്നില്ല. എന്നാൽ ഇവിടെ വൈബ്രേഷനുകൾ ഉള്ളതിനാൽ, സെഷനിലുടനീളം കണ്ണുകൾ അടച്ച് നിർദ്ദേശങ്ങൾ പാലിക്കാൻ എനിക്ക് കഴിഞ്ഞു. ഇത് എന്റെ മനസ്സിനെ ശരിക്കും ശാന്തമാക്കി. കൂടാതെ, ഇത് വളരെ ചെറിയൊരു ധ്യാനമാണ്. എനിക്ക് ഈ ധ്യാനം എവിടെയും പരിശീലിക്കാൻ കഴിയും.”
മാനസിക സമ്മർദ്ദത്തെ കുറയ്ക്കുകയും മാനസിക ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ധ്യാനത്തിന്റെ പരിവർത്തനാത്മകമായ ഗുണഫലങ്ങൾ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം അനുഭവിച്ചിട്ടുള്ളത്. ഈ ധ്യാനം പരിശീലിക്കുന്നതിലൂടെ മാനസികാരോഗ്യത്തിൽ ഉണ്ടാകുന്ന പോസിറ്റീവായ ഗുണഫലങ്ങൾ ഹാർവേർഡ് സർവകലാശാലയിലെ പഠനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡിലും iOS-ലുമായി 23 ലക്ഷം ഡൗൺലോഡുകൾ പിന്നിട്ട ഈ മെഡിറ്റേഷൻ ആപ്പിന് പ്ലേ സ്റ്റോറിൽ 4.8 റേറ്റിംഗും ആപ്പ് സ്റ്റോറിൽ 4.9 റേറ്റിംഗുമുണ്ട്.
ബധിരർക്കും ശ്രവണവൈകല്യമുള്ളവർക്കും ഈ ആപ്പ് ഇതുവരെ പ്ലേസ്റ്റോറിൽ ലഭ്യമായിട്ടില്ലെങ്കിലും, ‘മിറക്കിൾ ഓഫ് മൈൻഡ്’ ധ്യാനത്തെ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ആദ്യപടിയായി ഈ സംരംഭത്തെ അടയാളപ്പെടുത്തുന്നു. ഭാവിയിൽ ഏവർക്കും പ്രാപ്യമാകുന്ന ധ്യാന അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് വേദിയൊരുക്കുന്നു.


