റാവൽജിയും ബദരിനാഥ് ക്ഷേത്രവും; വായിക്കാം ആര്‍ വി മധു എഴുതിയ ലേഖനം

ഭാഗവത ഭൂമി, ആചാര്യ സ്വാമികളാൽ പുന:പ്രതിഷ്ഠിതം, ഭഗവാൻ നാരായണൻ്റെ പാദ പങ്കജസ്പർശം ധരണിയിൽ ആദ്യം പതിഞ്ഞ സ്ഥലം“, ഇങ്ങനെ അനന്തനാൽ പോലും അവർണ്ണനീയമായ ഒട്ടേറെ മഹിമകൾ കൊണ്ട് അതുല്യമായ ഹിമവത്ഭൂവായ ബദരികാശ്രമത്തിൽ നിന്നും ആദി ശങ്കരാചാര്യ ജന്മസ്ഥാനമായ കേരള മണ്ണിലേക്കുള്ള ഒരു സാർത്ഥകമായ, ഉത്തമ നിഷ്കാമകർമ്മിയുടെ മടക്കയാത്ര! ഇക്കഴിഞ്ഞ 16 വർഷത്തിൽ ഒരു ദശാബ്ദത്തിൽ അധികം കാലയളവ് ഭഗവാൻ നാരായണൻ്റെ പ്രധാന പൂജകനായി(റാവൽജി) തുടർന്ന് വരുക എന്നത് തന്നെ സാക്ഷാൽ ബദരീനാഥൻ്റെ പൂർണ്ണാനുഗ്രഹം ഒന്ന് കൊണ്ട് മാത്രം സാധ്യം. ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടോളം കാലത്തിൽ ആദ്യമായി അത് പൂർത്തീകരിക്കുവാൻ കേരളത്തിലെ കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ സ്വർഗ്ഗസ്ഥനായ വിഷ്ണു നമ്പൂതിരിയുടെയും, ശ്രീമതി. സുഭദ്ര അന്തർജ്ജനത്തിൻ്റെയും മകനായ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിക്ക് സാധ്യമായി എന്നത് തന്നെ സാക്ഷാൽ ബദരി നാരായണ മൂർത്തിയുടെ അനുഗ്രഹവും ഒപ്പം ഗുരു കാരണവന്മാരുടെ കടാക്ഷവും മൂലമെന്നത് നിസ്തർക്കമാണ്.

അളകാപുരിസുതയായ അളകനന്ദയുടെ ഒഴുക്ക് പോലെ പ്രപഞ്ചത്തിൽ സർവ്വവും എന്നും മാറ്റത്തിൽ അധിഷ്ഠിതമാണ്. ബദരീശൻ്റെ ഇശ്ച്ചയാൽ എന്ന പോലെ നാളെ മുതൽ (2024 ജൂലായ്, 13 & 14) നടക്കുന്ന ചടങ്ങുകളിലൂടെ ആദി ശങ്കരാചാര്യ സ്വാമികളുടെ നിർദ്ദേശാനുസരണം അനുവർത്തിച്ചു വരുന്ന ചിട്ടയുടെയും, ആചാരത്തിൻ്റെയും ഭാഗമായി ഇക്കഴിഞ്ഞ 4 വർഷക്കാലമായി നിലവിലെ റാവൽജിയുടെ സഹായിയും, ഉപരി ശിഷ്യനുമായ നൈബ് റാവൽ സ്ഥാനം പാലിച്ചു വരുന്ന കേരളത്തിൽ നിന്നു തന്നെയുള്ള ബ്രഹ്മശ്രീ അമർനാഥ് നമ്പൂതിരിക്ക് (ശങ്കരൻ നമ്പൂതിരി) റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി, കലാശാഭിഷേകത്തോടെ തികച്ചും ഗോപ്യമായ മൂലമന്ത്രം ഉപദേശിച്ചു ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. നിലവിലെ റാവൽജിയിൽ നിക്ഷിപ്തമായ ഈ ചുമതല ക്ഷേത്ര പൂജാവേളയിൽ അദ്ദേഹത്തിൻ്റെ സഹായികളായ ഉത്തരാഖണ്ഡിലെ ഡിമിരി ഗ്രാമത്തിൽ നിന്നുമുള്ള ബടുവ എന്ന സ്ഥാനനാമത്തിൽ അറിയപ്പെടുന്ന ബ്രാഹ്മണർക്ക് പ്രത്യേകം തിലദാനാദികൾ ചെയ്ത്, ക്ഷേത്ര ധർമ്മാധികാരി ശ്രീ. രാധാകൃഷ്ണ തപ്‌ത്യാൽ, വേദപാഠികൾ, മറ്റു ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അനേകം ഉദ്യോഗസ്ഥരുടെയും, ഭക്തരുടെയും മഹനീയ സാന്നിധ്യത്തിൽ ആണ് നടക്കുക.

ജഗദ്ഗുരു ആദി ശങ്കരാചാര്യ നിർദേശനുസരണമായ കേരളീയ താന്ത്രിക വിധിപ്രകാരം പൂജകൾ നടക്കുന്ന ഉത്തരേന്ത്യയിലെ അതി പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലെ ഈ ചടങ്ങുകൾക്ക് പൗരോഹിത്യവും, അതിലുപരി വിഗ്രഹം സ്പർശിച്ചു പൂജ ചെയ്യുവാനും, നേതൃത്വവും വഹിക്കുവാനുള്ള അധികാരം റാവൽജിയിൽ മാത്രം നിക്ഷിപ്തമാണ്.

തികച്ചും ആചാരം എന്നതിലുപരി ഈ ചടങ്ങുകൾക്ക് പ്രധാന്യം വരുന്നത് നിലവിലെ റാവൽജിയുടെ ദീർഘകാല സേവനവും കൂടിയാണെന്നത് മാറ്റ് കൂട്ടുന്നു. 3 വർഷം തുടർച്ചയായി ഭഗവാനെ സേവിച്ചാൽ ദേവഗണങ്ങൾ അദ്ദേഹത്തെ അർച്ചകനായും, 8 വർഷത്തെ ഭഗവത് സേവയിലൂടെ ശ്രീ നാരദ മഹർഷിയുടെ ശിഷ്യനായും, തുടർന്നുള്ള ഓരോ അധികമായ വർഷവും നാരദ മഹർഷിയുടെ പ്രഥമ ശിഷ്യനായും എന്നത്, ഒരു നൂറ്റാണ്ട് കാലത്തോളം വരുന്ന ഇടവേളയ്ക്ക് ശേഷം ദീർഘ നാളായി ഭഗവാനെ സേവ ചെയ്ത് വരുന്ന അമ്പലപ്പുഴ പുതുമന ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ ശിഷ്യനായ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിക്ക്, ടെഹ്രി മഹാരാജാവിൽ നിന്നും “പട്ടും വളയും” ഉൾപ്പെടെയുള്ള ആദരവും, ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ നാമത്തിലുള്ള “ശങ്കരസ്മൃതി” പുരസ്കാരം ലഭിച്ച ആദ്യത്തെ റാവൽജി എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി ചേർത്ത് വായിക്കേണ്ടതാണ്.

മേൽ സൂചിപ്പിച്ച വിവരങ്ങൾ ഒക്കെ എല്ലാ ഭക്തർക്കും അറിയാവുന്നതാണ് എന്ന് തന്നെയാണെന്ന് എൻ്റെ വിശ്വാസം. ഇക്കഴിഞ്ഞ 16 വർഷക്കാലമായി സഹോദരതുല്യ ബന്ധം പരസ്പരം പുലർത്തി വരുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില വിവരങ്ങൾ കൂടി വെളിപ്പെടുത്തുവാനുള്ള ശരിയായ സമയം ഇതാണെന്ന് കരുതുന്നു.

ദശാബ്ദങ്ങൾക്ക് ശേഷം ബദരീനാഥ് റാവൽജി എന്ന നിലയിൽ

കുറഞ്ഞത് 10 ഗ്രാമങ്ങളിൽ എങ്കിലും, വൈദ്യുതി, വിദ്യാഭ്യാസം, ചികിത്സാ, മൊബൈൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ ഏർപ്പെടുത്താൻ കഴിഞ്ഞത്, പാൻഡുകേശ്വർ ഉൾപ്പെടെയുള്ള ഗ്രാമവാസികളുടെ അദ്ദേഹത്തോടുള്ള സമീപനത്തിൽ നിന്നും ഒറ്റനോട്ടത്തിൽ നമ്മുക്ക് അറിയാൻ കഴിയും

രാജ്യവും, ലോകവും ഒന്നാകെ നിശ്ചലമായ കോവിഡ് 19 മഹാമാരിയുടെ പിടിയിൽ അമർന്ന സമയത്തും ഭഗവത് പൂജകൾ മുടങ്ങരുത് എന്ന ദൃഢനിശ്ചയം, ഭഗവാനോട് പുലർത്തുന്ന ആത്മാർഥവും, അചഞ്ചലവുമായ ഭക്തി എന്നിവയാൽ, കേരളത്തിൽ നിന്നും പൂർണ്ണമായും റോഡ് മാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തി ക്ഷേത്ര കവാടം തുറന്നു പൂജകൾ നടത്തി ആചാരം പുലർത്തി വന്നത്.

വൈക്കം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, ആറന്മുള തന്ത്രി പറമ്പൂർ ഭട്ടതിരിമാർ ഉൾപ്പടെയുള്ളവർക്കൊപ്പം അനുഷ്ഠിച്ച പ്രതിഷ്ഠാദി ചടങ്ങുകൾ എന്നിവ അദ്ദേഹത്തിൻ്റെ അനേകമായ നിഷ്‌ക്കാമ സേവനത്തിൻ്റെ ഉദാഹരണം മാത്രം.

ഇദ്ദേഹത്തോടൊപ്പം തന്നെ ഉറപ്പായും പരാമർശിക്കാതെ പോകുവാൻ കഴിയാത്തവരാണ് ഇക്കാലയളവിൽ കൂടെയുള്ള പുതുമന ശ്രീ രാജേഷ് നമ്പൂതിരിയും, കുണ്ടംകുഴി ഇല്ലത്ത് ശ്രീ. നാരായണൻ നമ്പൂതിരിയും. കഴിഞ്ഞ 22 വർഷമായി ബദരികാശ്രമത്തിൽ ഉളള സേവകരായ ഇരുവരും കണ്ണൂർ സ്വദേശികൾ എന്നത് നമ്മുടെ അഭിമാനം വാനോളം ഉയർത്തുന്നു. 2014, 2020 കാലഘട്ടത്തിലെ തികച്ചും പ്രതികൂല സാഹചര്യത്തിലും പൂർണ്ണ മനസ്സോടും ആത്മാർത്ഥതയും പുലർത്തി റാവൽജിക്കൊപ്പം നില നിന്നത് സ്മരിക്കാതെ കഴിയില്ല. ഇവർക്കൊപ്പം റാവൽജിയെ സഹായിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികളായ ശ്രീ. ദർശൻ സിംഗ്, ശ്രീ. യോഗേഷ് പുരോഹിത് എന്നിവർ വർഷങ്ങളായി റാവൽജിയുടെ സേവകരാണ്.

ഇത്ര നാളും ഭഗവാനെ സേവിച്ചു സായൂജ്യം നേടിയ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിക്ക് ഈശ്വരേശ്ച പ്രകാരം ഇനിയുള്ള കാലം വ്യക്തിജീവിതത്തിലും മാതൃ സേവയിലൂടെ ഭഗവാൻ്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകുമെന്നതിൽ യാതൊരു സന്ദേഹവുമില്ല. വ്യക്തിപരമായി എനിക്കും, സുഹൃത്തുക്കൾക്കും മറ്റ് പരിചയക്കാർക്കും ലഭിച്ച ഭഗവാൻ്റെ അനുഗ്രഹവും ഒപ്പം സൗഭാഗ്യവുമാണ് അദ്ദേഹത്തെ തികച്ചും നിസ്സാരനായ എനിയ്ക്ക് പരിചയപ്പെടുവാൻ സാധിച്ചത്. ഔദ്യോഗിക പദവിയിൽ നിന്നും ഒഴിയുന്നു എങ്കിലും, ഗ്രാമവാസികളുടെയും, മറ്റ് അധികാര കേന്ദ്രങ്ങളിൽ നിന്നുമുള്ളവരുടെയും അഭ്യർത്ഥന മാനിച്ച് അവിടുത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നത് സന്തോഷം നൽകുന്നതാണ്. ഭഗവാൻ്റെ അനുഗ്രഹത്തോടെ വരും നാളുകളിൽ ഭാഗവത ഭൂമിയായ ബദരികാശ്രമ വിശേഷങ്ങളുമായി അദ്ദേഹത്തോടൊപ്പം നിങ്ങൾക്ക് മുന്നിൽ വരുവാൻ കഴിയുമെന്ന പ്രത്യാശയോടെ 🙏 സാക്ഷാൽ ബദരി നാരായണൻ്റെ പാദ പങ്കജങ്ങളിൽ ശിരസ്സ് നമിച്ചു കൊണ്ട്;

പ്രാർത്ഥനാപൂർവ്വം : ആർ. വി. മധു

News Desk

Recent Posts

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി…

8 hours ago

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽജിജോ പുന്നൂസ്.

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…

8 hours ago

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…

9 hours ago

കോക്കാകോളയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ദീപാവലിയില്‍ അവതരിപ്പിക്കുന്നു ‘ഫെസ്റ്റികോണ്‍സ്’

കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…

9 hours ago

സത്യൻ ചലച്ചിത്ര പുരസ്കാരം  നടി ഉർവശിക്ക്

തിരുവനന്തപുരം:-  കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം'  നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…

1 day ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…

1 day ago