കേരളത്തിന്റെ രക്ഷകനായി ഉബുണ്ടു

മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറിലെ തകരാറില്‍ ലോകം മുഴുവന്‍ പകച്ചു നിന്നപ്പോഴും കുലുക്കമില്ലാതെ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ ശൃംഖലയാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതാണ് മറ്റ് സംസ്ഥാന സര്‍ക്കാരുകളെ പ്രതിസന്ധി ബാധിച്ചപ്പോഴും കേരളത്തെ ഏശാതെ പോയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റ സെന്ററിലോ സുരക്ഷ സോഫ്റ്റ്‌വെയറിലോ മൈക്രോസോഫ്റ്റുമായി ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്തര്‍ദേശീയ തലത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല. അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്ന സര്‍ക്കാരിന്റെ ക്ലൗഡ് സംവിധാനവും മൈക്രോസോഫ്റ്റിന്റേതല്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ സ്വതന്ത്ര സോഫ്റ്റ്വേര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ ഇ-ഓഫീസ് സംവിധാനങ്ങള്‍ക്കും ഇ-ട്രഷറിക്കുമൊന്നും തടസമുണ്ടായില്ല.

മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഉണ്ടായ സേവന തടസം ആഗോള തലത്തില്‍ വിവിധ മേഖലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരുന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ഓഹരി വിപണികളുടെയും ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. മൈക്രോസോഫ്റ്റ് തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചു. ഉപയോഗത്തിനിടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപയോക്താക്കളെ വലച്ചത്. ദശലക്ഷക്കണക്കിന് വിന്‍ഡോസ് ഉപയോക്താക്കളിലാണ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍ സന്ദേശങ്ങള്‍ കണ്ടത്. കമ്പ്യൂട്ടറുകള്‍ ഷട്ട് ഡൗണ്‍ ആകുന്നതിനോ താനേ പുനരാരംഭിക്കുന്നതിനോ ഇത് കാരണമാകുന്നു.

error: Content is protected !!