യജമാന്‍ അയ്യന്‍കാളിയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം സ്വാഗതാര്‍ഹം: അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

യജമാന്‍ അയ്യന്‍കാളിയെ ജാതിനേതാവായി ചിത്രീകരിക്കരുതെന്നും അദ്ദേഹത്തെ ജാതിമതങ്ങള്‍ക്കതീതമായി കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി കണക്കാക്കണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നതായി അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു.

യജമാന്‍ അയ്യന്‍കാളിയെ ജാതിയുടെ കോളത്തില്‍ എഴുതി ചേര്‍ത്ത് നവോഥാനത്തെ ഹൈജാക്ക് ചെയ്യുന്ന ജാതിസംഘടനകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കടതിയുടെ ഈ അഭിപ്രായം. ഡി എച്ച് ആര്‍ എം എന്ന പ്രസ്ഥാനം ഈ അവസരത്തിലാണ് പ്രസക്തമാവുന്നത്. യജമാന്‍ അയ്യന്‍കാളി സ്വപ്നം കണ്ടതുപോലെ ജാതിക്കതീതമായി സമരരഹിതരായി അറിവിന്റെ തലത്തില്‍ അടിസ്ഥാന ജനതയെ ഒന്നിപ്പിക്കാന്‍ തത്തു അണ്ണന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. പട്ടികജാതി- വര്‍ഗ്ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ചാണ് തത്തു അണ്ണന്‍ ജാതി രഹിത സമൂഹത്തെ പുനസംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പോലും നവോഥാന സദസ്സെന്ന പേരില്‍ നടത്തിയ പ്രഹസനത്തില്‍ യജമാന്‍ അയ്യന്‍കാളിയെ ജാതിയുടെ വക്താവായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉചിതമായ പരാമര്‍ശം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. കേരള ജനതയെ എക്കാലവും ജാതീയമായ വേര്‍തിരിവില്‍ ഭിന്നിപ്പിക്കുക എന്ന കമ്യൂണിസ്റ്റ് ഗൂഢതന്ത്രമാണ് നവോഥാന മുന്നണിയിലും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്.

പാഠ്യപദ്ധതിയില്‍ യജമാന്‍ അയ്യന്‍കാളിയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കുന്നില്ല. എന്നാല്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ പോലും കണ്ണൂര്‍ സര്‍വകലാശാലയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താന്‍ മൗനാനുവാദം നല്‍കി. ഒളിഞ്ഞും തെളിഞ്ഞും സംഘ പരിവാറിന് ഒത്താശ ചെയ്യുന്ന ഇടത് സര്‍ക്കാരിന്റെ കാപട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി പരാമര്‍ശമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു

error: Content is protected !!