ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഗ്രാമ പഞ്ചായത്ത് – ഏരിയ തലം മുതലുള്ള കേരളത്തിലെ ബിജെപിയുടെ കാര്യകർത്താക്കൾ ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നത്. പതിനെട്ടാം ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും വ്യക്തമായ ഭൂരിപക്ഷത്തോടെ തിളക്കമാർന്ന വിജയം നേടി തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റിരിക്കുകയാണ്. നരേന്ദ്രമോദിയിൽ ജനകോടികൾ അർപ്പിച്ച വലിയ വിശ്വാസമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്ന് വ്യക്തമാണ്. അത്തരമൊരു ഹാട്രിക് വിജയം കരഗതമാവുമ്പോഴും പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത് “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 140 കോടി ജനങ്ങളുടെ വിജയം” എന്നാണ്. കേരളത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി താമര വിരിഞ്ഞിരിക്കുകയാണ്. ഒപ്പം 20 ശതമാനത്തോളം വോട്ടും നേടി ദേശീയ ജനാധിപത്യസഖ്യം കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ച് 2014ലും 2019ലും ബിജെപിയെയും എൻഡിഎയേയും രാജ്യത്തിന്റെ സാരഥ്യമേൽപ്പിച്ച ജനകോടികൾ അവരുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് പതിനെട്ടാം ലോക് സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കണ്ടത്. ജവഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാം തിരഞ്ഞെടുപ്പു വിജയം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി. ഇംഗ്ലണ്ടിലും ഇറ്റലിയിലും പാക്കിസ്ഥാനിലും ഫ്രാൻസിലുമടക്കം ഒട്ടേറെ രാജ്യങ്ങളിൽ ഭരണകക്ഷികൾ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞപ്പോഴാണ് ഹാട്രിക് വിജയവുമായി മോദിയും ബിജെപിയും ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നത്. തുടർഭരണത്തിനായി പ്രഖ്യാപിച്ച ‘മോദി ഗ്യാരണ്ടി’ക്കു ലഭിച്ച ജനവിശ്വാസവും അംഗീകാരവും കൂടിയാണ് മോദി സർക്കാരിൻ്റെ മൂന്നാമൂഴത്തിന് വഴി തെളിച്ചത്. തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം നിരന്തരമായി ആക്ഷേപിച്ചിട്ടും, വ്യാജ പ്രചാരണങ്ങൾ നടത്തിയിട്ടും തൻ്റെ മാർഗത്തിലും കർമ്മത്തിലും ലക്ഷ്യത്തിലും നിന്നു വ്യതിചലിക്കാതെ, ‘ജനങ്ങളാണ് ഭഗവാൻ’ (ജനത ജനാർദ്ദനൻ) എന്ന് ഉരുവിട്ടുകൊണ്ട് സേവനം ലക്ഷ്യമാക്കിയ ഭരണ കർത്താവാണ് നരേന്ദ്രമോദി. ലോകത്തിനു മുന്നിൽ നേതൃപാടവവും ഭരണ മികവും തെളിയിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം.
ദേശീയ ജനാധിപത്യസഖ്യ സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും രാജ്യസുരക്ഷയ്ക്കും സാമ്പത്തിക മുന്നേറ്റത്തിനും സമാനതകളില്ലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി എന്ന് മാത്രമല്ല വിദേശ രാഷ്ട്രങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഭാരതം ലോകത്തിന് വഴികാട്ടിയായി മാറുന്നതും ഈ കഴിഞ്ഞ പത്ത് വർഷക്കാലത്ത് നമ്മൾ കണ്ടു. ആ നിലയിലേക്ക് നരേന്ദ്ര മോദിജിക്ക് ഉയരാനായി; മോദിജി ലോകത്തിന്റെ നേതാവായി മാറുകയായിരുന്നു.
ബി ജെപി ഒറ്റയ്ക്ക് 240 സീറ്റും സഖ്യകക്ഷികളുടെ 53 സീറ്റമായി 293 സീറ്റ് നേടിയപ്പോൾ ലോക്സഭക്കൊപ്പം തിരഞ്ഞെടുപ്പു നടന്ന നാല് സംസ്ഥാനങ്ങളിലും എൻഡിഎ തകർപ്പൻ വിജയം നേടി എന്നത് പ്രധാനമാണ്. ഒന്നര പതിറ്റാണ്ട് കാലത്തെ കഠിനാദ്ധ്വാനത്തിൻ്റെ വിളവെടുപ്പായി ഒഡീഷയിൽ ബിജെപി ഒറ്റയ്ക്ക് അധികാരം നേടിയതിനെ വിലയിരുത്തുന്നതാവും ഉചിതം. കേരളത്തിലെ പോലെ 20 ശതമാനം വോട്ടിൽ നിന്നാണ് കേവല ഭൂരിപക്ഷത്തിലേക്ക് അവിടെ പാർട്ടി ഉയർന്നത്. മഹാപ്രഭു പുരി ജഗനാഥന്റെ മണ്ണ് ബിജെപി ഭരിക്കുന്നത് രാജ്യത്തെ ഏതൊരു ഹിന്ദുവിനും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്. അരുണാചൽ പ്രദേശിൽ 60 ൽ 46 സീറ്റ് നേടി മൂന്നാം തവണയും ബി ജെ പി ഭരണമുറപ്പിച്ചു. ആന്ധ്ര പ്രദേശിൽ തെലുങ്കുദേശവും ബിജെപിയും ജനസേനാ പാർട്ടിയും ചേർന്ന എൻഡിഎ 175 ൽ 164 സീറ്റുമായിട്ടാണ് അധികാരമേറ്റത്. അരുണാചലിലും ആന്ധ്രയിലും പ്രതിപക്ഷം തന്നെ ഇല്ലാതായി. സിക്കിം ക്രാന്തി മോർച്ചയുടെ നേതൃത്വത്തിൽ സിക്കിമിലും വൻഭൂരിപക്ഷത്തിൽ എൻഡിഎ സർക്കാർ അധികാമേറ്റു. മധ്യദേശ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് , ത്രിപുര, അണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സമ്പൂർണ വിജയവും ഒഡിഷ, ഗുജറാത്ത് കർണാടക, തെലങ്കാന, അസം, ബിഹാർ, ചത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിളക്കമാർന്ന ഉജ്വല വിജയവുമാണ് എൻഡിഎയ്ക്ക് ഉണ്ടായത്.
ഇവിടെ ഓർമ്മിക്കേണ്ടുന്ന മറ്റൊരു കാര്യം, ജനങ്ങൾക്കൊപ്പം നിലകൊണ്ടുകൊണ്ട് ജനങ്ങൾക്കായി പ്രവർത്തിക്കാൻ, ജനങ്ങളെ സേവിക്കാൻ, മോദിജിയും ജെപി നദ്ദ അടക്കമുള്ള ബിജെപി നേതൃത്വവും രാജ്യത്തെ കോടിക്കണക്കിന് ബിജെപി കാര്യകർത്താക്കൾക്കും അനുഭാവികൾക്കും നൽകിയ ഉപദേശമാണ്. അത് ഹൃദയത്തിലേറ്റാൻ ബിജെപി പ്രവർത്തകർ തയ്യാറായി. ആ ഉപദേശവും നിർദ്ദേശവുമാണ് ഇത്തരമൊരു വലിയ വിജയം ആഘോഷിക്കാനുള്ള അസുലഭ അവസരം നമുക്കുണ്ടാക്കിത്തന്നത്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കേരളത്തിൽ ബി ജെ പി നടത്തിയ വൻ കുതിച്ചു ചാട്ടത്തെ ഈ സമ്മേളനം അഭിനന്ദിക്കുന്നു. തൃശൂരിൽ മാത്രമല്ല തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും പാലക്കാടുമടക്കം കേരളത്തിലെ അനവധി ലോകസഭാ മണ്ഡലങ്ങളിൽ എൻഡിഎക്ക് വലിയ ജനപിന്തുണ ആർജിക്കാൻ സാധിച്ചിട്ടുണ്ട്. 20 ശതമാനം വോട്ട് നേടുക എന്ന ലക്ഷ്യത്തിലേക്ക് ഇത്തവണ ബിജെപി എത്തിയിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഉത്തരേന്ത്യയിൽ മാത്രമല്ല ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. തെലങ്കാനയിലും കർണാടകയിലും ഏറ്റവും കൂടുതൽ സീറ്റ് നേടിയ ബിജെപി തമിഴ്നാട്ടിൽ വോട്ട് വിഹിതം കുത്തനെ ഉയർത്തുകയും ചെയ്തു. ചിട്ടയായ പ്രവർത്തനം വഴി തുടർ ഭരണം നേടാൻ നേതൃത്വവും പ്രേരണയും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെയും പാർട്ടി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദജിയെയും മറ്റ് നേതാക്കളെയും ഈ സമ്മളനം അഭിനന്ദിക്കുന്നു.
വ്യാജ സൗജന്യ വാഗ്ദാന വാഗ്ദാനപ്പെരുമഴയും നുണ പ്രചാരണങ്ങളും ജാതിക്കാർഡും മുസ്ലിം പ്രീണനവുമൊക്കെയായി ഭാരതമാകെ ചുറ്റിയടിച്ചിട്ടും കോൺഗ്രസിന്യം സഖ്യകക്ഷികൾക്കും ബിജെപിയെയോ നരേന്ദ്രേമോദിയേയൊ ഒന്നും ചെയ്യാനായില്ല. ദേശവിരുദ്ധ ശക്തികൾക്കും നുണ പ്രചാരണങ്ങൾക്കും അധർമത്തിനുമെതിരായ തുടർച്ചയായ മൂന്നാം വിജയമാണ് നരേന്ദ്രമോദിയും എൻഡിഎയും സ്വന്തമാക്കിയത്. രാജ്യ പുരോഗതിയേയും മുന്നേറ്റത്തിനെയും പുകമറ സൃഷ്ടിച്ച് ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും അവരുടെ നേതൃത്വത്തിൽ രൂപമെടുത്ത പുത്തൻ മുന്നണിയും (ഇൻഡി സഖ്യം ) നടത്തിയ ശ്രമങ്ങൾ എവിടെയും ഫലം കണ്ടില്ല എന്നത് ദേശീയതയുടെ വിജയമാണ്.
രാജ്യത്തെ ഒന്ന് രണ്ട് സംസ്ഥാനങ്ങളൊഴികെ എല്ലായിടത്തും ചരിത്രത്തിലാദ്യമായി എൻഡിഎയും കോൺഗ്രസ് മുന്നണിയും നേർക്കു നേർ പോട്ടമായിരുന്നിട്ടും കോൺഗ്രസിന് പ്രധാനപ്പെട്ട എട്ട് സംസ്ഥാനങ്ങളിൽ ഒരു സീറ്റു പോലും നേടാനായില്ല എന്നത് പ്രധാനമാണ്. കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ നേതൃ സ്ഥാനം നേടാൻ പോലും കഴിയാതിരുന്ന കോൺഗ്രസിന്, മുന്നണി ഘടക കക്ഷികളുടെ ഔദാര്യം കൊണ്ട്, പ്രതിപക്ഷ നേതൃസ്ഥാനം ലഭ്യമായി എന്നത് മാത്രമാണ് ഇത്തവണത്തെ തിരഞ്ഞടുപ്പിലെ പ്രത്യേകത. മുന്നണി സംവിധാനത്തിൽ നേടിയ 49 സീറ്റില്ലായിരുന്നെങ്കിൽ 50 സീറ്റുമായി ഇക്കുറിയും കോൺഗ്രസ് ദയനീയ നിലയിലെത്തുമായിരുന്നു എന്നതും സ്മരിക്കേണ്ടതുണ്ട് . രാജ്യം മുഴുവനുമുള്ള കൂട്ടുകെട്ടും വലിയ മുന്നണി സംവിധാനവുമൊക്കെ സൃഷ്ടിച്ചിട്ടും അവർക്ക് ആകെ അധികം ലഭിച്ചത് 49 -ഓളം സീറ്റുകൾ മാത്രം. കോൺഗ്രസിനൊപ്പം കൂടിയ സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികളെ ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി അപ്രസക്‌തമാക്കി എന്നതും പ്രധാനമാണ്. കാപട്യക്കാരായ ആംആദ്‌മി പാർട്ടിയെ ചിത്രത്തിൽ നിന്ന് ചുഴറ്റിയെറിഞ്ഞ തിരഞ്ഞെടുപ്പു കൂടിയാണ് ഇത്തവണത്തേത്.
ഭാരതത്തോടൊപ്പം കേരളവും മാറുകയാണ്. മാറ്റത്തിന്റെ കൊടുങ്കാറ്റ് ഇവിടെ ആഞ്ഞടിക്കാൻ ഏറെ സമയം വേണ്ടിവരില്ല. ആ രാഷ്ട്രീയ കൊടുങ്കാറ്റിന്റെ വേഗത വർദ്ധിപ്പിക്കലാണ് ഇവിടെ അണിനിരന്നിട്ടുള്ള നമ്മുടെ ഉത്തരവാദിത്വം. നരേന്ദ്രമോദിയെ ഹൃദയത്തിലേറ്റി അഭിനന്ദിക്കുന്നതിനൊപ്പം ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരളത്തിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കാൻ, മോദി തരംഗത്തിന്റെ ശക്തി വർധിപ്പിക്കാൻ തയ്യാറാവുമെന്ന് പ്രതിജ്ഞയെടുക്കുന്നു. മോദിജിക്ക് അഭിവാദ്യങ്ങൾ- പ്രമേയം