ക്ലീൻ കേരള കമ്പനി വികേന്ദ്രീകൃത മാലിന്യ സംസ്കാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അജൈവ പാഴ്വസ്തു സംസ്കരണത്തിൽ ഒരു പിന്തുണ സംവിധാനമായി പ്രവർത്തിച്ചു വരികയാണ്. ഹരിതകർമ സേന വഴി ശേഖരിക്കുന്നതും സർക്കാരിന്റെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ ക്യാമ്പയിനുകളിൽ ഉൾപ്പെടുത്തി ശേഖരിക്കുന്ന പുന:ചംക്രമണ യോഗ്യമായതും നിഷ്ക്രിയവുമായ അജൈവ പാഴ് വസ്തുക്കൾ ശേഖരിച് ശാസ്ത്രീയമായി സംസ്കരണം നടത്തുന്നതിന് ക്ലീൻ കേരള കമ്പനിയെ സർക്കാർ ചുമതലപെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനകൾ വഴി ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കളിൽ ഭൂരിഭാഗവും തരം തിരിച്ചു വിപണനം നടത്തുക വഴി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്റെ വലിയ ഒരു ബാധ്യത കുറക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഈ പ്രവർത്തികൾ സഹായിക്കുന്നു.
കേരള സർക്കാരിന്റെ ഓണം വാരാഘോഷം 2023 ന്റെ ഭാഗമായി പ്രധാന വേദിയായ കനകക്കുന്നിൽ അജൈവ മാലിന്യങ്ങളുടെ തരം തിരിവിനെ പറ്റിയുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്ലീൻ കേരള കമ്പനി. ഇതിനായി ഓഗസ്റ്റ് 27 മുതൽ കമ്പനി ആരംഭിച്ച അവബോധന സ്റ്റാളിൽ അജൈവ മാലിന്യങ്ങളുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന് തുടങ്ങി അതിന്റെ ശാസ്ത്രീയ സംസ്കരണം വരെയുള്ള പ്രക്രിയകൾ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്റ്റാൾ ആരംഭിച്ചിരിക്കുന്നത്. കൂടാതെ ആളുകൾ കൊണ്ട് വരുന്ന അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാരാഘോഷവുമായി ബന്ധപ്പെട്ട് വിവിധ വേദികളിൽ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ കമ്പനി ദിവസവും അവിടെ നിന്ന് ശേഖരിക്കുന്നുണ്ട്. മാലിന്യ മുക്ത നവകേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതിനു ക്ലീൻ കേരള കമ്പനി മുഖ്യ പങ്ക് വഹിക്കുന്നു.