രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വന്ന കോളിന്റെ അടിസ്ഥാനത്തില്‍ അകത്തും പുറത്തും വ്യാപകമായി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സെക്രട്ടേറിയേറ്റിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തിയ പോലീസ് ഫോണ്‍കോള്‍ വ്യാജമാണെന്നും കണ്ടെത്തി.
ഇന്ന് രാവിലെ പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണ് കോള്‍ വന്നത്. തുടര്‍ന്ന് പോലീസ് സെക്രട്ടറിയേറ്റിന്റെ അകവും പുറവുമെല്ലാം പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഫോണ്‍കോളിന്റെ ഉറവിടം പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണെന്ന് കണ്ടെത്തുകയും വിളിച്ചയാളെ പിടിക്കുകയും ചെയ്തു. കുളത്തൂര്‍ സ്വദേശിയായ നിജിന്‍ എന്ന യുവാവില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തി.
രാവിലെ 11.09 ഓടെ പോലീസ് ആസ്ഥാനത്തേക്കാണ് സെക്രട്ടേറിയേറ്റില്‍ ബോംബ് വെച്ചതായി സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കി. സെക്രട്ടേറിയേറ്റിന്റെ മുക്കിലും മുലെയും വരെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. നിരവധി ആളുകള്‍ വന്നു പോകുന്ന ഇടമെന്ന നിലയില്‍ കര്‍ശന നിരീക്ഷണം നടത്തുകയും ചെയ്തു. പരിസരത്തെ കടകള്‍ അടക്കം പരിശോധന നടത്തി.
ഇയാള്‍ മാനസീക പ്രശ്നങ്ങള്‍ ഉള്ളയാളാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത് ഉണ്ടായത്. അതീവ ഗൗരവമായി വിഷയം ഏറ്റെടുത്ത പോലീസ് ഇത് വ്യാജ സന്ദേശമാണെന്ന് പിന്നീട് കണ്ടെത്തി.