കേരള സർക്കാർ തൊഴിലാളി പക്ഷത്ത് നിലക്കണം – ഡോ. ശശി തരൂർ എം.പി.

കേരളത്തിൽ ഏറ്റവുംകുറഞ്ഞ മിനിമംവേതനം എഴുന്നൂറ് രൂപ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും  അത് സൗകര്യപൂർവ്വം വിസ്മരിച്ചെന്നും സർക്കാർ നിലപാട് തൊഴിലാളി പക്ഷത്തോട് നീതി പുലർത്തുന്നതല്ലെന്നും ഡോ. ശശി തരൂർ എം.പി പ്രസ്താവിച്ചു.

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പടെ കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമനിധികളും തകർച്ചയുടെ വക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനോ വിരമിക്കൽ അനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല. അസംഘടിത മേഖലയിൽ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ താറുമാറായി. മത്സ്യത്തൊഴിലാളികൾ അങ്കലാപ്പിലാണ്, വിലക്കയറ്റം അതിരൂക്ഷമായി. എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്ന തളർച്ച തൊഴിലാളികളെയും കുടുംബങ്ങളെയും കൂടുതൽ കൂടുതൽ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് . തൊഴിലാളി പ്രശ്‌നങ്ങളിൽ കേരള സർക്കാർ കേന്ദ്രസർക്കാരിനെ മാതൃകയാക്കരുത്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ അനുദിനം വർദ്ധിച്ചുവരികയാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു .

ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നടന്ന തൊഴിലാളി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ. ഐ എൻ ടി യു സി  സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഐഎൻടിയുസി കോൺഗ്രസിന്റെ ശക്തിയുടെ ഉറവിടമാണെന്ന്. ഐഎൻടിയുസിക്ക്  പാർട്ടിയിലും സർക്കാരിലും
പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നുള്ള പരാതികൾ രാജ്യവ്യാപകമായി ഉയരുന്നുണ്ടെന്നും അത് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തൊഴിലാളി വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.  ഐഎൻടിയുസി ദേശീയ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും വിവിധ ഫെഡറേഷനുകളുടെ ഭാരവാഹികളും പങ്കെടുത്തു.

ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും ജില്ലാ പ്രസിഡൻറുമായ വി.ആർ.പ്രതാപൻ,
വി.ജെ.ജോസഫ്, തമ്പി കണ്ണാടൻ, കെ.കെ.ഇബ്രാഹിം കുട്ടി, ജോസ് ജോർജ്ജ് പ്ലാത്തോട്ടം, പി.ജെ.ജോയി, പി.പി. ആലി, ടി.എ.റജി, കൃഷ്ണവേണി ശർമ്മ, എസ്.എൻ, നുസ്റ, മനോജ് ചിങ്ങന്നൂർ ,കാർത്തിക് ശശി, ജെ. സതി കുമാരി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!