കൃത്രിമപാരുകളുടെ നിക്ഷേപം: വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു

മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം. വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ 6,300 പാരുകൾ നിക്ഷേപിക്കും.

മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിഴിഞ്ഞം ഹാർബറിലെ നോർത്ത് വാർഫിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പ്രവർത്തികൾ ഫ്‌ളാഗ് ഓഫ് ചെയ്തു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാർഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മത്സ്യബന്ധന മേഖലയിൽ സമഗ്രമായ മാറ്റം വരുത്താൻ സാധിച്ചതായും കഴിഞ്ഞ ഏഴര വർഷക്കാലത്തിൽ സർക്കാരുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത് മത്സ്യബന്ധന മേഖലയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമാണം, ക്ഷേമപ്രവർത്തനം, തീരസംരക്ഷണം തുടങ്ങി തീരദേശമേഖലയിലെ സമഗ്ര വികസനത്തിന് മികച്ച പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇൻസ്‌പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു.

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൃത്രിമപാരുകൾ സ്ഥാപിക്കുന്നതിലൂടെ കേരളത്തിന്റെ സുസ്ഥിര മത്സ്യബന്ധന വികസനവും ഉപജീവന മാർഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 13.02 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിനിയോഗിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6,300 കൃത്രിമ പാരുകളാണ് നിക്ഷേപിക്കുന്നത്. ത്രികോണ ആകൃതിയിൽ 80 എണ്ണവും, പൂക്കളുടെ ആകൃതിയിൽ 35 എണ്ണവും, പൈപ്പ് ആകൃതിയിൽ 35 എണ്ണവും ഉൾപ്പെടെ ഓരോ സ്ഥലത്തും മൂന്ന് ഇനങ്ങളിലായി 150 കൃത്രിമ പാരുകളുടെ മോഡ്യൂളുകളാണ് സ്ഥാപിക്കുന്നത്. ഒരു ടണ്ണിലധികം തൂക്കമാണ് ഈ ആർ.സി.സി മോഡ്യൂളുകൾക്കുള്ളത്. ത്രികോണാകൃതിയിലുള്ള മോഡ്യൂളിന് 1.20 മീറ്റർ വീതം വിസ്തീർണവും പൂക്കളുടെ ആകൃതിയിലുള്ള മോഡ്യൂളിന് 100 സെന്റിമീറ്റർ പുറം വ്യാസവും 45 സെന്റിമീറ്റർ ഉയരവും പൈപ്പാകൃതിയിലുള്ള കൃത്രിമ പാരിന് 55 സെന്റിമീറ്റർ പുറം വ്യാസവും 100 സെന്റിമീറ്റർ ഉയരവും ഉണ്ട്. 7.5 സെന്റിമീറ്ററാണ് മൂന്നിനം പാരുകളുടെയും കനം.

മോഡ്യൂളുകൾ നശിച്ച് പോകാതിരിക്കാൻ ജി.പി.എസ് സഹായത്തോടെ സ്ഥാനനിർണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിൽ 12 മുതൽ 15 വരെ ഫാദം ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ ഇവ നിക്ഷേപിക്കുന്നത്. പാരുകൾ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യപ്രജനനത്തിനും അവയുടെ സുസ്ഥിരമായ നിലനിൽപ്പിനും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ശീലാവ്, അയല, കൊഴിയാള, പാര, കലവ, കൊഞ്ച്, ഈൽ, വിവിധിയിനം അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥ രൂപപ്പെടുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ചാകര പ്രദേശമായി ഇവിടം മാറുമെന്നും പഠനങ്ങൾ പറയുന്നു.

ജനപ്രതിനിധികൾ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കേരള തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ ഷേഖ് പരീത്, മത്സ്യത്തൊഴിലാളികൾ എന്നിവരും ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

10 mins ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

40 mins ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

44 mins ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

59 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

1 hour ago

പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സംരക്ഷണം ഉറപ്പാക്കണം; എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി വേണം – വനിതാ കമ്മിഷന്‍

ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം…

1 day ago