കേരള വനിതാ കമ്മിഷന്റെ, 2023-ലെ മാധ്യമ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 17 വരെ നീട്ടി. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, വിഷ്വല്‍ മീഡിയ മലയാളം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്തമേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിര്‍ണയത്തിനായി പരിഗണിക്കുക.
ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. പുരസ്‌കാര ജേതാക്കള്‍ക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നല്‍കും. ആര്‍എന്‍ഐ അംഗീകൃത പത്രമാധ്യമസ്ഥാപനങ്ങളിലെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷന്‍ ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം.
2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31-ന് അകം പ്രസിദ്ധീകരിച്ച വാര്‍ത്ത/ഫീച്ചര്‍, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു മുഴുവന്‍ പേജും വാര്‍ത്തയുടെ നാല് പകര്‍പ്പുകളും, ടെലിവിഷന്‍ വാര്‍ത്തയുടെ/പരിപാടിയുടെ മുഴുവന്‍ വീഡിയോയും, പ്രസ്തുത വാര്‍ത്തയുടെ മാത്രവും എംപി4 ഫോര്‍മാറ്റ് അടങ്ങിയ നാല് സിഡികള്‍, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഒരു മുഴുവന്‍ പേജും ഫോട്ടോയുടെ നാല് പകര്‍പ്പുകളും ന്യൂസ് എഡിറ്റര്‍/റസിഡന്റ് എഡിറ്റര്‍/എക്സിക്യട്ടീവ് എഡിറ്റര്‍/ചീഫ് എഡിറ്ററിന്റെ സാക്ഷ്യപത്രത്തോടൊപ്പം 2024 ഫെബ്രുവരി 17ന് അകം പോസ്റ്റല്‍ ആയി ലഭിക്കത്തക്കവിധം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ അയയ്ക്കണം.