മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; മൂന്നു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഒപി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരായ മുരുകന്‍, ആദര്‍ശ് ജെഎസ്, എന്നിവരെയും മേല്‍നോട്ട ചുമതലയുള്ള ഡ്യൂട്ടി സാര്‍ജന്റ് രജീഷിനെയും കൃത്യ വിലാപം കാണിച്ചതായി പ്രഥമ ദൃഷ്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഇവരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി. 2022 നവംബറില്‍ ഇറക്കിയ സര്‍ക്കുലറില്‍ കൃത്യമായി നിഷ്‌കര്‍ഷിച്ചിരുന്ന നിര്‍ദേശങ്ങളിലെ പല കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച്ചയാണ് ഈ സംഭവത്തില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാവിലെയാണ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ പേയിങ് കൗണ്ടറിലെ ജീവനക്കാരിയായ ഭാര്യയോടൊപ്പം നടുവേദനയുമായി ഓര്‍ത്തോ ഒപിയില്‍ ഡോക്ടറെ കാണാന്‍ എത്തിയത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എക്‌സ്‌റേ പരിശോധനയും കഴിഞ്ഞ് തിരിച്ച് ഡോക്ടറെ കാണുവാനായി ഉച്ചയോടെ ലിഫ്റ്റിലേക്ക് കയറുമ്പോഴാണ് ഈ സംഭവം ഉണ്ടായത്.

ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ച ശേഷം ഭര്‍ത്താവ് ഡ്യൂട്ടിക്ക് പോയിരിക്കാമെന്ന നിഗമനത്തിലായിരുന്നു മെഡിക്കല്‍ കോളേജ് ജീവനക്കാരി കൂടിയായ ഭാര്യ. എന്നാല്‍ പിറ്റേ ദിവസം തിരികെ എത്താത്തതിനെത്തുടര്‍ന്ന് പോലീസില്‍ ഭാര്യ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നതിനിടേയാണ് ലിഫ്റ്റ് ഓപ്പറേറ്റര്‍ രോഗിയെ രക്ഷിച്ചത്.
ഇലക്ട്രിക്കല്‍ വിഭാഗമാണ് ലിഫ്റ്റ് എല്ലായ്പ്പോഴും മെയിന്റനന്‍സ് നടത്താറുള്ളത്. എന്നാല്‍ ലിഫ്റ്റിന്റെ തകരാറ് കാണിക്കുന്ന യാതൊരു വിവരവും ഇലക്ട്രിക്കല്‍ വിഭാഗത്തിന് ഇതിന് ശേഷം ലഭിച്ചിരുന്നില്ല എന്നാണ് ഇലക്ട്രിക്കല്‍ വിഭാഗം അന്വേഷണ കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കിയത്. നിലവിലെ നിയമമനുസരിച്ച് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ലിഫ്റ്റിന്റെ ഡോര്‍ ഓപ്പണ്‍ ചെയ്ത് പരിശോധിച്ച് ലോക്ക് ചെയ്യണം എന്നതാണ് മാനദണ്ഡം. എന്നാല്‍ സംഭവം നടന്ന ദിവസം ഇത് ചെയ്തതായി കാണുന്നില്ല.

ഒ.പി. സമയം കഴിയുമ്പോള്‍ ഓരോ ഫ്‌ളോറിലെയും ലിഫ്റ്റുകള്‍, ഓരോ ഫ്‌ളോറിലെയും ലൈറ്റുകള്‍, ഫാനുകള്‍ എന്നിവ സെക്യൂരിറ്റി ഓഫീസര്‍/ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ചെക്ക് ചെയ്യേണ്ടതാണ്. അതുപോലെ തന്നെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായാല്‍ ‘ഔട്ട് ഓഫ് സര്‍വീസ്’ എന്ന് എഴുതി വച്ച ബോര്‍ഡ് അതാത് ഫ്‌ളോറിലെ ലിഫ്റ്റിന്റെ ഡോറില്‍ വക്കേണ്ടതാണ്. എന്നാല്‍ ഇവിടെ അത്തരമൊരു ബോര്‍ഡ് വച്ചിട്ടില്ലായിരുന്നു എന്നാണ് രോഗി സൂചിപ്പിച്ചത്.

ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ ഡ്യൂട്ടി ക്രമീകരണവും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ട്രെയിനിങ്ങും സെക്യൂരിറ്റി ഓഫീസറിന്റെ ചുമതലയില്‍ ഉള്‍പ്പെടുന്നതാണ്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലിഫ്റ്റ് ഓപ്പറേറ്റര്‍ ആയ ആദര്‍ശ്, ഹരി രാം, മുരുകന്‍ എന്നിവരെ വിശദമായി അന്വേഷിച്ചതില്‍ 13/7/2024 ന് ആദര്‍ശിന്റെ ഡ്യൂട്ടി സമയം ഒപി യില്‍ 9 മുതല്‍ 3 വരെയായിരുന്നു. ഈ സമയം ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നാണ് ആദര്‍ശ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതില്‍ 12 മണി മുതല്‍ രോഗി കുടുങ്ങിക്കിടക്കുകയും പലതവണ അലാറം അടിച്ചിട്ടും ലിഫ്റ്റ് ഓപ്പറേറ്ററോ സെക്യൂരിറ്റിയോ എത്തിയില്ല എന്നതാണ് ബന്ധുക്കളുടെ പരാതി. ആദര്‍ശ് അവിടെ പോയിരുന്നെങ്കില്‍ ഇത് ശ്രദ്ധയില്‍പ്പെടുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 11 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ സേവനം അനുഷ്ഠിച്ചു വരുന്നു. ഇവരില്‍ ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു ലിഫ്റ്റ് ഓപ്പറേറ്റര്‍ ആണ് രോഗിയെ രക്ഷിച്ചത്. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!