ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിനെ എതിര്‍ത്ത സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. സ്വാതന്ത്ര്യം ലഭിച്ച ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും നീതി ലഭിക്കാത്ത സമൂഹമാണ് ദലിത് ക്രൈസ്തവര്‍ എന്നിരിക്കെ അവര്‍ക്കെതിരെ സിപിഎം നിലകൊണ്ടത് ക്രൂരതയാണ്. കേരളത്തിലെ പ്രമുഖ പട്ടികജാതി സംഘടനയുടെ കൈയ്യടി കിട്ടുവാന്‍ വേണ്ടിയാണ് സിപിഎം ഇത്തരത്തില്‍ തരംതാണത്. കേവലം മതം മാറ്റംകൊണ്ടുമാത്രം അവരുടെ അസ്ഥിത്വം നഷ്ടപ്പെടുന്നില്ല. നിരന്തര ജാതീയ പീഡനത്തെ തുടര്‍ന്നാണ് ദലിതര്‍ മതം മാറിയത് എന്നെങ്കിലും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി സിപിഎം മനസ്സിലാക്കണമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ക്രൈസ്തവരെ കൂടെ നിര്‍ത്താന്‍ അധര വ്യായാമം ചെയ്യുന്ന സിപിഎമ്മിന്റെ തനിനിറമാണ് ഇപ്പോള്‍ പുറത്തായത്. വിഷയത്തിന്റെ പാപഭാരം മുഴുവന്‍ പി കെ എസ്സിനുമേല്‍ കെട്ടിവയ്ച്ച് കൈകഴുകാനുള്ള സിപിഎമ്മിന്റെ കപടത എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന തെളിവെടുപ്പില്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയുടെ പേരില്‍ കമ്മിഷന്‍ മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചിതായും ഉഷ കൊട്ടാരക്കര പറഞ്ഞു.