സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ – ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ൻ്റെ ഒൻപത് എഞ്ചിനീയറിംഗ് കോളേജുകൾ , മാനേജ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട്, ഫിനിഷിങ് സ്കൂൾ,സാഗര സഹകരണ ആശുപത്രി,കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് പുന്നപ്ര,എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അസിസ്റ്റൻ്റ്,ലാബ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ ടെക്നീഷൻസ്,സെക്യൂരിറ്റി ജീവനക്കാർ,ഡ്രൈവേഴ്‌സ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ പണിയെടുക്കുന്ന അഞ്ഞൂറോളം വരുന്ന കരാർ ദിവസവേതന ജീവനക്കാരുടെ ജീവിതം ഇന്ന് വളരെ ദയനീയമായ അവസ്ഥയിലാണ്.
ഇവിടെ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഒരു ദിവസം 445 രൂപയാണ് ,വർഷങ്ങളായി സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാർക്കും ഇതേ വേതനം തന്നെയാണ് ഇവിടെ നിന്നും ലഭിക്കുന്നത്.ദിവസ വേതന ജീവനക്കാർക്ക് ഒരു തരത്തിലുമുള്ള ലീവ് ആനുകൂല്യങ്ങളും ലഭിക്കാത്തത് കരണം വേതനത്തിന് യാതൊരു സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ് .ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതുകൊണ്ട് കേപ്പിന് യാതൊരു സാമ്പത്തിക ബാധ്യതയും വരാത്ത സാഹചര്യത്തിലും ഇതും പരിഗണിക്കപെട്ടിട്ടില്ല. ഗവൺമെൻ്റ് കരാർ ദിവസവേതന ജീവനക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വേതനം പുതുക്കി നിശ്ചയിക്കാറുള്ളത് .എന്നാൽ 2021-ൽ പുതുക്കി നിശ്ചയിച്ച വേതനംപോലും ഇതുവരെ കേപ്പിൽ നടപ്പാക്കിയിട്ടില്ല എന്നത് ഇവിടെയുള്ള കരാർ-ദിവസ വേതന ജീവനക്കരോടുള്ള മാനേജ്മെൻ്റിൻ്റെ അവഗണനയുടെ ഭാഗമാണ്, ഗവൺമെൻ്റിൻ്റെ അധീനതയിൽ പ്രവർത്തിക്കുന്ന കേപ്പിൽ മിനിമം വേതനവും,ലീവാനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കാത്തത് നിലവിലെ ഭരണ സംവിധാനത്തിന് പോലും അപമാനകരമാണ് എന്നതിൽ സംശയമില്ല.
കലാകാലങ്ങളായി ജീവനക്കാർ അവശ്യപെട്ടുകൊണ്ടിരിക്കുന്ന മിനിമം വേതനം, പത്തു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേപ്പിൻ്റെ എല്ലാ സ്ഥാപനങ്ങളിലേയും എല്ലാ വിഭാഗം കരാർ ദിവസവേതന ജീവനക്കാരും വരുന്ന സെപ്തംബർ ആറിന് സൂചനാ പണിമുടക്കും , മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കേപ്പ് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയും കേപ്പ് കോൺട്രാക്റ്റ് ആൻഡ് ഡെയ്‌ലി വേജസ്സ് എംപ്ലോയീസ് യൂണിയൻ ( C I T U ) വിൻ്റെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കകയാണ്.