പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യ പ്രകാരം കാഞ്ഞിരംകുളം കുഞ്ഞികൃഷ്ണൻ നാടാർ ഗവ. കോളേജിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കോളേജിന് വേണ്ടി നാല് ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അക്വിസിഷൻ ഓഫീസറെ നിയോഗിക്കുകയും സാമൂഹികാഘാത പഠനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികാഘാത പഠന റിപ്പോർട്ട് ഈ മാസം തന്നെ ലഭ്യമാക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. തുടർ നടപടികളായ വിജ്ഞാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പരമാവധി വേഗത്തിലാക്കും യോഗത്തിൽ തീരുമാനമായി. ഡിസംബർ മാസത്തോടു കൂടി നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
എം വിൻസെന്റ് എം.എൽ.എ, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ.കൗശികൻ, ജോയിന്റ് കമ്മീഷണർ എ.ഗീത, ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജേക്കബ് ജോൺ എന്നിവരും മറ്റു റവന്യൂ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.