കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 നവംബര്‍ 29 വെള്ളിയാഴ്ച വിഖ്യാത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുടെ ‘ദ റോഡ് ഹോം‘ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2000ത്തില്‍ നടന്ന ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രി, എക്യുമെനിക്കല്‍ ജൂറി പ്രൈസ് എന്നീ രണ്ട് അംഗീകാരങ്ങള്‍ നേടിയ ചിത്രമാണിത്. ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെടുകയുമുണ്ടായി. സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച ലോകസിനിമയ്ക്കുള്ള പ്രേക്ഷകപുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു.
വടക്കന്‍ ചൈനയിലെ ഒരു ഗ്രാമത്തില്‍ അധ്യാപകനായി എത്തുന്ന യുവാവും ഒരു ഗ്രാമീണ പെണ്‍കുട്ടിയും തമ്മിലുള്ള ഹൃദയഹാരിയായ പ്രണയത്തിന്റെ ആവിഷ്‌കാരമാണിത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദുഃഖിതയായ അമ്മയെ കാണാനത്തെുന്ന മകന്‍ യൂഷെങ് ഇരുവരും പ്രണയകാലത്ത് എങ്ങനെ കണ്ടുമുട്ടിയെന്ന് ഓര്‍ത്തെടുക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. വര്‍ത്തമാനകാലം ബ്‌ളാക് ആന്റ് വൈറ്റിലും ഭൂതകാലം കളറിലും അവതരിപ്പിച്ചിരിക്കുന്നു. 97 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.