തിരുവനന്തപുരം : ജയിലിൽ കൊടുംകുറ്റവാളികളോടുള്ള മുഖ്യമന്ത്രിയുടെ മൃദു സമീപനം ഭാവി ജീവിതത്തെ
ഓർത്തെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
തൊഴിൽ നിഷേധിക്കുന്ന സർക്കാർ , നാടുവിടുന്ന യുവത എന്ന മുദ്രാവാക്യമുയർത്തി ആർവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവജനങ്ങൾ ആഗ്രഹിക്കുന്ന സിസ്റ്റമല്ല വിദ്യാഭ്യാസ – തൊഴിൽ രംഗത്ത് ഇന്നുള്ളത്. സാമൂഹിക സുരക്ഷയിലും ആരോഗ്യ മേഖലയിലും കേരളം കൈവരിച്ച നേട്ടം പുതു തലമുറയ്ക്ക് ലഭിയ്ക്കാത്ത സാഹചര്യമാണ് ഇവിടെ. ഇത്രയധികം മലയാളികൾ നാടുപേക്ഷിച്ച മറ്റൊരു ഭരണകൂടം കേരളത്തിൽ ഉണ്ടായിട്ടില്ല.
കാൾ മാർക്സ് വിഭാവനം ചെയ്ത തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്നതായിരുന്നുവെങ്കിൽ റഷ്യയിൽ പാർട്ടിയുടെ സർവ്വാധിപത്യവും പിന്നീടത് സ്റ്റാലിൻ്റെ സർവ്വാധിപത്യവുമാക്കി.അതിൻ്റെ ഡിക്റ്റോയാണ് കേരളത്തിലെ പിണറായി ഭരണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാക്കാനുള്ള സർ സി പി യുടെ നീക്കത്തിന് അവസാനം കുറിച്ചത് കെ സി എസ് മണിയുടെ ധീരകൃത്യമായിരുന്നു. കെ സി എസ് മണി കമ്മ്യൂണിസ്റ്റ് പാർട്ടി ഇതര നേതാവ് എന്ന നിലയിൽ അദ്ദേഹം ചെയ്ത പ്രവൃത്തിക്ക് ആവശ്യമായ പ്രാധാന്യം ലഭിക്കാതിരിക്കാനുള്ള മന:പൂർവ്വ ശ്രമം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായി.
രണ്ടാം പിണറായി ഭരണത്തിൽ സിസ്റ്റം പൂർണ്ണ പരാജയം ആണെന്ന്മന്ത്രിമാർ തന്നെ സമ്മതിക്കുകയാണ്. പിണറായി മന്ത്രിസഭയിൽ നിന്നും നല്ലതൊന്നും കേരളത്തിന് ഇനി പ്രതീക്ഷയില്ല . ദുരന്തങ്ങളെ മാർക്കറ്റ് ചെയ്യുന്ന ഭരണകൂടമാണ് ഇപ്പോഴുള്ളത്.

ഗോവിന്ദ ചാമി ഫാഷൻ പരേഡിന് പോകുന്ന വേഷവിധാനത്തിൽ അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് ചാടിയത് ന്യായീകരിക്കാൻ സാധിക്കാത്തതാണ്. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഭരണ പരാജയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ. അസീസ് , ബാബു ദിവാകരൻ, ആർവൈഎഫ് ദേശീയ പ്രസിഡൻ്റ് കോരാണി ഷിബു ,
കിരൺ നാരയണൻ ,കാട്ടൂർ കൃഷ്ണകുമാർ , ഷെമീന ഷംസുദ്ദീൻ, ശ്യാം പള്ളിശ്ശേരിക്കൽ, റംഷീദ് വെണ്ണിയൂർ,കുളക്കട പ്രസന്നൻ, യു.എസ് ബോബി, സുനി മഞ്ഞമല, പ്രദീപ് കണ്ണനല്ലൂർ ,ആർ. രഞ്ജിത്ത്, എൻ.കെ. ഉണ്ണികൃഷ്ണൻ, അഖിൽ കുര്യൻ , ഷാനവാസ് എസ്സ് , വൈശാഖ് . ആർ,സുമേഷ് എസ് മോഡിയിൽ , എ എൽ അനൂപ് എന്നിവർ സംസാരിച്ചു.
ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം
സെക്രട്ടറിയേറ്റ് വളഞ്ഞു. ഡോ. ശരത്ത് ചന്ദ്രൻ , ഫെബി സ്റ്റാലിൻ , സുബാഷ് എസ് കല്ലട എന്നിവർ നേതൃത്വം നൽകി.
