വർണ്ണപ്പകിട്ട് 2025-26 ട്രാൻസ്ജെൻഡർ കലോത്സവം കോഴിക്കോട്ട്

സാമൂഹ്യനീതി വകുപ്പ് മുഖേന, ട്രാൻസ്ജെൻഡർ നയത്തിൻ്റെ കൂടി ഭാഗമായി നിരവധി ക്ഷേമപദ്ധതികൾ ട്രാൻസ്ജെൻഡർ മേഖലയിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയും ചെയ്യുകയെന്നത് സാമൂഹ്യനീതി വകുപ്പിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രമുഖമാണ്.

സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോയവരും ഒരു പരിധിവരെ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടവരുമായ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ദൃശ്യത പ്രോത്സാഹിപ്പിക്കുന്നതിനും സർവ്വതോമുഖമായ പുരോഗതി ലക്ഷ്യമിടുന്നതിൻ്റെ ഭാഗമായി ഇവരുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിയ്ക്കുന്നതിനും അവസരങ്ങൾ ഒരുക്കാൻ സംസ്ഥാനതലത്തിൽ ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം 2018-19 എല്ലാ വർഷവും സംഘടിപ്പിച്ചു വരികയാണ്. സർക്കാർതലത്തിൽ സംഘടിപ്പിയ്ക്കപ്പെടുന്ന ഈ കലോത്സവം പൊതുസമൂഹത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വീകാര്യത വർദ്ധിപ്പിയ്ക്കുന്നതിന് വളരെയേറെ പ്രയോജനകരമായിത്തീർന്നിട്ടുണ്ട്.

2025-2026 വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോടാണ് വേദി. 2025 ഓഗസ്റ്റ് 21, 22, 23 ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ 21 ന് ട്രാൻസ്ജെൻഡർ പോളിസി ഇതുവരെ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും, മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു നാഷണൽ കോൺഫറൻസ് നടക്കും. ട്രാൻസ്ജെൻഡർ/ക്വിയർ സംബന്ധിയായ വിവിധ വിഷയങ്ങളിലെ പാനൽ ചർച്ച, ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിലാണ് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം അരങ്ങേറുക.

ഓഗസ്റ്റ് 21 ന് രാവിലെ പത്തു മണി മുതല്‍ കോഴിക്കോട് ജൂബിലി ഹാളില്‍ ദേശീയ സെമിനാര്‍ നടക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യവും ക്ഷേമവും, വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും, സാമൂഹ്യനീതിയും മനുഷ്യ അവകാശങ്ങളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചയാണ് നാഷണൽ കോൺഫറൻസിന്റെ ഭാഗമായി നടക്കുക. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്തില്‍ നിന്നും ഡോ. സഞ്ജയ്‌ ശര്‍മ്മ, SHSRC എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, കോട്ടയം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി, മാനസികാരോഗ്യ വിദഗ്ധ ഡോ. ഇന്ദു പി എസ്, കേരളത്തിലെ ആദ്യ ഡെന്റിസ്റ്റും പബ്ലിക് ഹെൽത്ത് വിദ്യാർത്ഥിയുമായ ഡോ. അനു രാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിജയരാജമല്ലിക, തമിഴ്നാട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ ജെൻസി, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷക വിദ്യാർത്ഥിയായ ഋതിഷ ഋതു, മനുഷ്യാവകാശ പ്രവർത്തകരായ സദ്ദാം ഹജ്ജമാം, കോയല്‍ ഘോഷ്, തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാഥി’യുടെ വൈസ് പ്രസിഡന്റ്‌ ഡോ. എല്‍ രാമകൃഷ്ണന്‍, എം ജി യൂണിവേഴ്സിറ്റി ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ആരതി പി എം, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. രേഷ്മ ഭരദ്വാജ്, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അർജുൻ ഗീത, മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. പദ്മ ലക്ഷ്മി, കേരള നോളജ് എക്കണോമി മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പ്രജിത്ത് പി കെ എന്നിവർ പാനൽ ചർച്ചയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.

ഓഗസ്റ്റ് 21 ന് രാവിലെ 9.15 മുതല്‍ കൈരളി, ശ്രീ തിയേറ്ററുകളില്‍ വച്ച് “IRO TraFFE” എന്ന പേരില്‍ ട്രാൻസ്ജെൻഡർ/ക്വിയര്‍ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ നടക്കും. അവനോവിലോന, ഔട്ട്‌കാസ്റ്റ്, ഉടലാഴം, ഞാന്‍ രേവതി, ന്യൂ നോര്‍മല്‍, ഈസ്‌ ഇറ്റ്‌ ടൂ മച്ച് ടു ആസ്ക്‌, ഇരട്ടജീവിതം, ദാറ്റ്‌സ് മൈബോയ്‌, ജനലുകള്‍, വി ആര്‍ എലൈവ് എന്നീ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. കൂടാതെ, ഈ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും ഇതേ വേദിയില്‍ നടക്കും.

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം. അതിനായി നിലവിലുള്ള കലോത്സവ മാന്വൽ പരിഷ്കരിച്ചിട്ടുണ്ട്. സ്റ്റേജ് ഇനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിക്കുന്ന വ്യക്തിയെ ‘കലാരത്നം’ ആയും, സ്റ്റേജിതരയിനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിക്കുന്ന വ്യക്തിയെ ‘സർഗ്ഗപ്രതിഭ’ ആയും തിരഞ്ഞെടുത്ത് പുരസ്കരിക്കും. ഗ്രൂപ്പ്‌/വ്യക്തിഗതയിങ്ങളിൽ എ ഗ്രേഡ് നേടുന്ന ടീമിന്/ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് യഥാക്രമം 7500/- രൂപ, 3000/- രൂപ എന്നിങ്ങനെ പ്രൈസ് മണി സമ്മാനിക്കും..

കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21 ന് വൈകുന്നേരം നാലു മണിക്ക് മുതലക്കുളത്ത് നിന്നും ആരംഭിച്ച് ജൂബിലി ഹാളില്‍ സമാപിക്കുന്ന വർണ്ണാഭമായ വിളംബരഘോഷയാത്ര ഉണ്ടാവും. ഫ്ലാഷ് മോബ്, മറ്റു അനുബന്ധ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

21ന് വൈകീട്ട് ആറു മണിക്കാണ് ഉദ്ഘാടന സമ്മേളനം. ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിക്കും. ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ ഉദ്ഘാടനം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം, ഭവന പദ്ധതിയുടെ പ്രഖ്യാപനം എന്നിവ ബഹു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും. ബഹു. എംഎല്‍എമാരായ ശ്രീ. അഹമ്മദ് ദേവര്‍കോവില്‍, ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍, ബഹു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി. ബീന ഫിലിപ്പ്, ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ട്രാൻസ്ജെൻഡർ മേഖലയിലെ വിശിഷ്ടസംഭാവനകൾക്ക് അദ്രിജ പണിക്കർ, അഡ്വ. പത്മ ലക്ഷ്മി എന്നിവരെ ആദരിക്കും.

ഓഗസ്റ്റ്‌ 23ന് വൈകുന്നേരം 6 മണിക്ക് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും ബഹു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും.

പരിപാടിയുടെ വിജയകരമാക്കിത്തീർക്കാൻ ഏവരുടെയും, വിശേഷിച്ചും മാധ്യമങ്ങളുടെയും മാധ്യമസുഹൃത്തുക്കളുടെയും, സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു. ഏവരെയും ‘വർണ്ണപ്പകിട്ടി’ലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വർണ്ണപ്പകിട്ടിന് അനുബന്ധമായി ഒരു ഷോർട്ട് ഫിലിം കോംപറ്റീഷൻ കൂടി വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.

സഹയാത്രികയുടെ സോഷ്യൽ മീഡിയ കൺസൾട്ടൻ്റ് കൂടിയായി പ്രവർത്തിക്കുന്ന ട്രാൻസ് ഫോട്ടോ ജേണലിസ്റ്റ് ഹർഷ് സംവിധാനം ചെയ്ത ‘ബത്തക്ക ഹൃദയം തുന്നാൻ പോണ്’ ആണ് ഒന്നാംസ്ഥാനം നേടിയിരിക്കുന്നത്. അഖിൽ ശിവപാൽ സംവിധാനം ചെയ്ത ‘ഭാവയാമി’ രണ്ടാംസ്ഥാനവും, റോസ്ന ജോഷി സംവിധാനം ചെയ്ത ‘മറുജന്മം’ മൂന്നാം സ്ഥാനത്തിനും അർഹരായി.
ഷോർട്ട് ഫിലിം കോംപറ്റീഷനില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,000, 15000, 10000 രൂപയുടെ ക്യാഷ് അവാര്‍ഡും, ഒപ്പം, ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

കലോത്സവത്തോടനുബന്ധിച്ച് കലാ/കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, ഈ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി ബി ഒ/ എൻ ജി ഒ കൾക്കും, ട്രാൻസ്ജെൻഡർ ക്ഷേമപ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും.

അവരുടെ പേരുവിവരങ്ങൾ ഇപ്രകാരമാണ്:

കല
തൻവി സുരേഷ് (എറണാകുളം)
കായികം
ഷിയ (വയനാട്)
വിദ്യാഭ്യാസം
ലിബിൻ നാഥ് പി ടി (കോഴിക്കോട്)
സംരംഭകത്വം
നവമി എസ് ദാസ് (കൊല്ലം)
സംഘടന (CBO/NGO)
സഹയാത്രിക (തൃശൂർ)
തദ്ദേശസ്വയംഭരണ സ്ഥാപനം
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള ഐ എ എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ് നായർ ഐ എ എസ്, ട്രാൻസ് ജൻഡർ സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്യാമ എസ് പ്രഭ എന്നിവരും മന്ത്രി ഡോ. ബിന്ദുവിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

News Desk

Recent Posts

എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക്  …

4 hours ago

കേസ് ഡയറി പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് അഷ്ക്കർ സൗദാൻ; ചിത്രം നാളെ വ്യാഴാഴ്ച (21-08-2025) തിയേറ്ററുകളിൽ

ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…

10 hours ago

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…

15 hours ago

നീറ്റ് പിജി 2025 ഫലം പ്രഖ്യാപിച്ചു

നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…

1 day ago

മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി…

1 day ago

മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി ശിവന്‍കുട്ടി

ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…

1 day ago