ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ ക്ലസ്റ്റർ മത്സരങ്ങൾ തുടങ്ങി.
തിരുവനന്തപുരത്ത് ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉത്ഘാടനം ചെയ്തു. പോത്തൻകോട് ലക്ഷ്മി വിലാസം ഹൈ സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽ, കേരള സ്പോർട്സ് കൗൺസിൽ അംഗം ശ്രീകണ്ഠൻ, സ്കൂൾ മാനേജർ പ്രവീൺ എന്നിവരും പങ്കെടുത്തു.
സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച യും ഞായറാഴ്ച യുമായി നടക്കുന്ന മത്സരങ്ങളിൽ 15 ടീമുകൾ വോളിബാൾ ഇനത്തിൽ മാറ്റുരയ്ക്കുന്നു. വിജയികൾക്ക് പതിനായിരം രൂപ സമ്മാനതുക ലഭിക്കും. ജയിക്കുന്ന ആദ്യ രണ്ടു ടീമുകൾ തൃശ്ശൂരിൽ നടക്കുന്ന ഡിവിഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടും.
പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു.
