സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം സെപ്റ്റംബർ 3 ന് (നാളെ) വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.
ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിക്കുന്നതിന് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
സെപ്റ്റംബർ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണറെ ഓദ്യോഗികമായി ക്ഷണിച്ച് സർക്കാരിന്റെ ഓണക്കോടി കൈമാറിയതായും, ഓണാഘോഷ പരിപാടികൾക്ക് ഗവർണർ പങ്കെടുക്കുമെന്ന് അറിയിച്ചതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 165 ഫ്ലോട്ടുകൾ ഘോഷയാത്രയിൽ പങ്കെടുക്കും. മുഖ്യമന്ത്രി, ഗവർണ്ണർ, മന്ത്രിമാർ, എം.എൽ.എ.മാർ, ഉയർന്ന ഉദ്യോഗസ്ഥർ, വിദേശ ഡെലിഗേറ്റുകൾ എന്നിവർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ടാകും. ഓരോ ഫ്ലോട്ടിനൊപ്പവും ഒരു പോലീസ് ഓഫീസർ, ഒരു വോളണ്ടിയർ, ബന്ധപ്പെട്ട വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും. രണ്ട് മണിക്കൂറിൽ ഘോഷയാത്ര പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുകെ, ഫ്രാൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌വാൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, റൊമാനിയ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികളും ഓണാഘോഷത്തിന്റെ ഭാഗമായി അതിഥികളായി എത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി 33 വേദികളിലായി വൈവിധ്യമാർന്ന പരിപാടികൾ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. പതിനായിരത്തോളം കലാകാരന്മാർ ഓണാഘോഷത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുക്കും, ഇതിൽ നാലായിരത്തോളം കലാകാരന്മാർ പരമ്പരാഗത കലകളിൽ നിന്നുള്ളവരാണ്. സെപ്തംബർ 5, 6, 7 തീയതികളിൽ നഗരത്തിൽ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്ന 15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺ ഷോ ഒരുക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ ഒരുക്കുന്നത്.
11.49 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഓണഘോഷത്തിനായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഐക്യം, മാനവികത, മതസൗഹാർദ്ദം, സമൃദ്ധി എന്നിവയുടെ സന്ദേശം നൽകുന്ന ഓണാഘോഷം തലസ്ഥാനത്ത് ഏറ്റവും നല്ല നിലയിൽ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രിമാർ പറഞ്ഞു.
