ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സദസിനെ ആവേശത്തിലാക്കി തമിഴ് നടൻ രവി മോഹനും ( ജയം രവി )സദസിൽ ചിരി പടർത്തി നടനും സംവിധായകനുമായ ബേസിൽ ജോസഫും. സർക്കാരിൻ്റെ അതിഥികളായാണ് ഇരുവരും ഓണാഘോഷത്തിൻ്റെ വേദിയിലെത്തിയത്.
പിണറായി വിജയൻ രാഷ്ട്രീയക്കാരനായതു കൊണ്ട് മാത്രമല്ല നല്ലൊരു മനുഷ്യൻ ആയതു കൊണ്ടുകൂടിയാണ് വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ജയം രവി പറഞ്ഞു. യുവാക്കളുടെ സാന്നിധ്യം ഏതൊരു മേഖലയ്ക്കും മുതൽക്കൂട്ടാണ്. ലോക സിനിമ മലയാള സിനിമയെ ഉറ്റുനോക്കുന്ന തലത്തിലേക്ക് മാറി.
മലയാള സിനിമ എന്നും പ്രചോദനമാണെന്നും കേരളവും മലയാളികളും ഏറെ പ്രിയപെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ നൽകുന്ന സ്നേഹത്തിനു നന്ദി അറിയിച്ച അദ്ദേഹം എല്ലാവർക്കും ഓണാശംസകളും നേർന്നു.
പഠനകാലത്തെ തലസ്ഥാന ജീവിതം പറഞ്ഞു തുടങ്ങിയ നടൻ ബേസിൽ ജോസഫ് ആദ്യമേ തന്നെ സദസ്സിൽ ചിരി പടർത്തി.
അഭിപ്രായങ്ങളെയും ആശയങ്ങളെയും അംഗീകരിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഇടമാണ് കേരളമെന്ന് ബേസിൽ പറഞ്ഞു.
ഏതൊരു ആപത്ഘട്ടത്തിലും ഒരുമയോടെ പ്രവർത്തിക്കുന്ന മലയാളിയുടെ ഒത്തുചേരലിന്റെ ആഘോഷമായ ഓണം സിനിമയിലെ ഇടവേള പോലെയാണെന്ന് ബേസിൽ പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും മുന്നേറിയ സംസ്ഥാനത്തിൻ്റെ വളർച്ച മറ്റുള്ളവരെ അസൂയപ്പെടുന്ന തരത്തിലാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
