ഓണം ആശംസാ കാർഡുകൾ ഒരുക്കിയ നിപ്മറിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രി ഡോ.ആർ: ബിന്ദു

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കായി ഓണാശംസാകാർഡുകൾ ഒരുക്കി നൽകിയ നിപ്മറിലെ വിദ്യാർത്ഥികൾക്ക് ഓണാക്കോടിയും  മധുരവും സമ്മാനിച്ച് മന്ത്രി ഡോ:ആർ.ബിന്ദു. ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാർത്ഥികൾ ആകർഷകമായ ആയിരം ആശംസക്കാർഡുകൾ പ്രിയപ്പെട്ട സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിർമ്മിച്ച് നൽകിയിരുന്നു. ഇത്തവണ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കെല്ലാം  ഈ ആശംസകൾ അയക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തിരുന്നു.

ഓണം മന്ത്രിയോടൊപ്പം ആഘോഷിക്കാൻ അവർ എത്തിയപ്പോൾ  സ്നേഹ സമ്മാനമായി മന്ത്രി അവർക്ക്  ഓണക്കോടിയും മധുരവും നൽകി.
ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് “എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ”. അതിലെ സർഗ്ഗാവിഷ്കാരമാണ് വിദ്യാർത്ഥികളൊരുക്കിയ സുന്ദരങ്ങളായ കാർഡുകൾ. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നിരുന്നു.

വിദ്യാർത്ഥികൾ മന്ത്രിയെ കാണാനായി എത്തിയപ്പോൾ മാവേലിയുടെയും വാമനന്റെയും  വേഷത്തോടുകൂടിയാണ് എത്തിയത്. ഓണപ്പാട്ട് പാടിയും ഒത്തൊരുമയോടെ കളിച്ചും രസിച്ചുമാണ് മന്ത്രി ആർ.ബിന്ദു അവരെ സ്വീകരിച്ചത്. നിപ്മർ ഡയറക്ടർ ചന്ദ്രബാബുവും അധ്യാപകരും കൂടെ ഉണ്ടായിരുന്നു.

error: Content is protected !!