അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും – മന്ത്രി വി അബ്ദുറഹിമാന

വിഷന്‍ 2031- കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. വിഷന്‍ 2031 ന്റെ ഭാഗമായി കായികവകുപ്പ് നടത്തിയ ‘ നാവകായിക കേരളം മികവിന്റെ പുതു ട്രാക്കില്‍ ‘ എന്ന സംസ്ഥാനതല സെമിനാര്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടീമിന്റെ വരവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്. ഫിഫ അംഗീകൃത സ്റ്റേഡിയത്തിന്റെ അഭാവമാണ് നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്താതിരിക്കാന്‍ കാരണം. കായിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഒന്‍പതു വര്‍ഷം കൊണ്ട് കേരളം സ്വന്തമാക്കിയത്. സ്റ്റേഡിയങ്ങളും കളിക്കളങ്ങളുമായി 385 നിര്‍മിതികളാണ് ഇക്കാലയളവില്‍ ഒരുക്കിയത്. എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന് മുതല്‍ 10 വരെ പാഠ്യപദ്ധതിയില്‍ കായികം ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. തദ്ദേശ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച ആദ്യ സംസ്ഥാനം, കായിക ഉച്ചകോടി ആദ്യമായി നടത്തിയ ആദ്യ സംസ്ഥാനം, കോളേജ് സ്‌പോര്‍ട്‌സ് ലീഗ് നടത്തിയ സംസ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു.

കായിക യുവജനകാര്യാലയം ഡയറക്ടര്‍ പി.വിഷ്ണുരാജ് കായിക രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ചു. അഡീഷണല്‍ ഡയറക്ടര്‍ സി.എസ് പ്രദീപ്,  പ്ലാനിങ് ബോര്‍ഡ് സാമൂഹിക സേവന വിഭാഗം മേധാവി  ഡോ. ബിന്ദു പി. വര്‍ഗീസ്, സായ് റീജണല്‍ ഡയറക്ടര്‍ ഡോ. ജി കിഷോര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡന്റ് എം. ആര്‍ രഞ്ജിത്ത്, സ്റ്റാന്‍ഡിങ്  കമ്മിറ്റി അംഗങ്ങളായ എ. ശ്രീകുമാര്‍, രഞ്ജു സുരേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!