തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട് കല്ലിന്മൂട്ടിൽ റേഷൻ കട നടത്തുന്ന നൈഫ് ആണ് പിടിയിലായത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ സ്‌കൂൾ കുട്ടികൾക്കുൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിസാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ രചന സി, പ്രിവന്റീവ് ഓഫീസർ ഷിബു എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്ബാബു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആദർശ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
അതിനിടെ കാസർകോട് കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയയിലെ വാഹന പരിശോധനയ്ക്കിടെയാണ് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്ന കാർ പിടികൂടിയത്. കേരളത്തിൽ വിൽപനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കരിപ്പൂർ സ്വദേശിയും 27 വയസുകാരനുമായ സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നു. കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് നിഗമനം. പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

