തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി ആലോചനയില്ലെന്ന പരാതി ശക്തമാകുന്നതിനിടെ, കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി-എം.എസ്.സി ഡീൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അതൃപ്തി പരസ്യമാക്കി, അടിയന്തരമായി കെപിസിസി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് സംസ്ഥാന അധ്യക്ഷന് കത്ത് നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായ അഭിലാഷ്, അദാനി വിവാദം മുതൽ പ്ലീഡർ നിയമനം വരെയുള്ള നിർണായക വിഷയങ്ങൾ കത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് ഒടുവിൽ കെപിസിസി നേതൃയോഗം ചേർന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിൽ സൂപ്പര്‍ പവറാകാമെന്ന് അദാനി കരുതേണ്ടതില്ലെന്ന് നേരത്തെ കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യക്ഷത്തിൽ അദാനി ഗ്രൂപ്പിനെതിരെയാണ് കെ സി വേണുഗോപാൽ വിമർശനമുന്നയിച്ചതെങ്കിലും പരോക്ഷമായി വി ഡി സതീശന് കൂടി നൽകിയ മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി അദാനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ അദാനി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെയാണ് സംസ്ഥാന കോൺഗ്രസിൽ മുറുമുറുപ്പ് ഉയരുന്നത്. നേരത്തെ വീര്യം കുറഞ്ഞ മദ്യം, കരിമണൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലും പാർട്ടിയിൽ ആലോചിക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു,
ഇതിനിടെ 49 ശതമാനം ഓഹരി ആഗോള കപ്പൽ കുത്തകയായ എംഎസ്‍സിക്ക് കൈമാറാൻ പ്രാഥമിക കരാറുണ്ടാക്കിയെന്ന് സെബിയെ അറിയിച്ച് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ വിവരം അനൗദ്യോഗികമായി സര്‍ക്കാരിന് അറിയിച്ചിരുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. എന്നാൽ ഈ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രതികരണം. ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ വാദം കോൺഗ്രസിലെ കെ സി വേണുഗോപാൽ വിഭാഗം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സർക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തിയതെങ്കിൽ അതിനെതിരെ അതിശക്തമായ നിലപാട് മുഖ്യമന്ത്രി എടുക്കണമെന്ന ആവശ്യമാണ് കെ സി പക്ഷം മുന്നോട്ട് വെയ്ക്കുന്നത്. ഇതിനിടെ കേരളത്തിൻ്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എംഎസ്‍സിയുമായി ഓഹരികൈമാറാൻ തീരുമാനിച്ച വിവരം സര്‍ക്കാരിനെ അറിയിക്കാത്തതിൽ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു.

