ആലപ്പുഴയെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്
തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ -20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡിന് കിരീടം. ഇന്നലെ ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കരുത്തരായ ആലപ്പുഴയെ എതിരില്ലാത്ത ഒരുഗോളിനാണ് വടക്കേ മലബാറിന്‍റെ കരളുറപ്പുമായി ഇറങ്ങിയ കാസര്‍ഗോഡ് പരാജയപ്പെടുത്തിയത്. കാസര്‍ഗോഡിനായി മുഹമ്മദ് നിഹാദ് അലിയാണ് വിജയഗോള്‍ നേടിയത്.
കളിയുടെ ആദ്യവിസിലുമുതല്‍
ആവേശത്തിന്റെ തുഴയെറിഞ്ഞ് ആലപ്പുഴയുടെ പ്രതിഭകൾ മൈതാനം നിറഞ്ഞുകളിച്ചെങ്കിലും, കാസർഗോഡിന്റെ തനതായ വേഗതയെയും കരുത്തിനെയും പിടിച്ചുകെട്ടുന്നതിന് പ്രതിരോധനിരക്കായില്ല. ഏഴാം മിനിട്ടില്‍ ആലപ്പുഴയുടെ കോട്ട പിളര്‍ത്തി നിഹാദിന്‍റെ ലോങ് റേഞ്ച് വലകുലുക്കി.മുന്‍ മത്സരങ്ങളിൽ രണ്ട് മഞ്ഞകാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയുടെ ഗോള്‍വേട്ടക്കാരന്‍ അതീന്ദ്രന് മത്സരത്തില്‍ ഇറങ്ങാന്‍ കഴിയാത്തത് ആലപ്പുഴയുടെ ആക്രമണത്തിന്‍റെ മുനയൊടിച്ചു.
തിരിച്ചടിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ മുന്നേറ്റ നിരക്കായില്ല.
ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ കോട്ടയത്തെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മലപ്പുറം പരാജയപ്പെടുത്തി . വിജയികള്‍ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ജില്ല ഫുട്ബോൾ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.രാജീവ്, സെക്രട്ടറി കെ.എം റഫീക്ക്,
കേരള ഗ്രാമീണ്‍ ബാങ്ക് റീജനല്‍ മാനേജർ സുബ്രഹ്മണ്യം പോറ്റി, തിരുവനന്തപുരം കൊമ്പന്‍സ് മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോൾ താരവും ആര്‍.ബി.ഐ ജനറല്‍ മാനേജറുമായ മുഹമ്മദ് സാജിദ്, ഫെഡറൽ ബാങ്ക് ഗോകുല്‍ ജി പ്രഭു, മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ രവീന്ദ്രൻ നായര്‍,വി.പി.ഷാജി, മുന്‍ ഫുട്ബോൾ താരം കെ.ചന്ദ്രശേഖരന്‍, തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.


