ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8ന് രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
ജനറൽ ശാസ്ത്ര വിഷയങ്ങളായിരിക്കും മത്സരത്തിന് പരിഗണിക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് മൂവായിരം രൂപയുടെ ബുക്ക് കൂപ്പണും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തിന് രണ്ടായിരം രൂപയുടെ ബുക്ക് കൂപ്പണും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനത്തിന് ആയിരം രൂപയുടെ ബുക്ക് കൂപ്പണും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസ് മത്സരം കൂടാതെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പ്രവേശിക്കാവുന്ന എക്സിബിഷൻ ടാഗോർ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളായ ഐ എസ് ആർ ഓ, ഐ ഐ എസ് ടി, ഐസർ, സി എസ് ഐ ആർ -നിസ്റ്റ്, ആർ ജി സി ബി, ഐ സി ടി അക്കാദമി, ഐ ഇ ഇ, കെൽട്രോൺ, സി ഡാക്, എസ് ഇ ടി, ഐ എം എസ് ടി, സി ഇ ടി, സയൻഷ്യ- ഡി എ സി, ഗലീലിയോ സയൻസ് സെന്റർ നടത്തുന്ന പ്രദർശനങ്ങൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി സൗജന്യ വാനനിരീക്ഷണ പരിപാടിയും ഉണ്ടായിരിക്കും. രാവിലെ സൂര്യകളങ്കങ്ങളും (സൺസ്പോട്ട്) രാത്രി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാവുന്നതാണ്.