സംസ്ഥാനത്തെ നാലുവർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്‌മെൻറ് എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ നടത്തിപ്പിന് കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ രജിസ്‌ട്രാർ ബീനാറാണി എം എസ്, കെൽട്രോൺ ജനറൽ മാനേജർ രാജേഷ് ജി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ കെൽട്രോണിന്റെ സഹകരണത്തോടെ വികസിപ്പിച്ചതാണ് കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ.
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും ഗുണമേന്മയുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കാൻ ഉന്നതവിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഉള്ള എല്ലാ സ്ഥാപനങ്ങളിലും, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റു പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലും സംസ്ഥാനത്തെ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഈ പോർട്ടൽ വഴി ഇൻ്റേൺഷിപ്പ് അവസരങ്ങൾ ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുൻകൈ എടുക്കും.
ഇൻ്റേൺഷിപ്പ്, ഏകോപന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും കോ ഓർഡിനേറ്റർമാരെ നിയോഗിക്കും. സംസ്ഥാനത്തെ കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാം കോ ഓർഡിനേറ്റർമാരും നൈപുണ്യവികസന കേന്ദ്രങ്ങളുടെ കോ ഓർഡിനേറ്റർമാരും പോർട്ടലിന്റെ നോഡൽ ഓഫീസർമാരായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇൻഡസ്ട്രി-അക്കാദമിയ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ കെൽട്രോണുമായുള്ള സഹകരണം സഹായിക്കും. വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പോർട്ടൽ ലഭ്യമാക്കും. പോർട്ടൽ പരിചയപ്പെടുത്തുന്നതിന് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വറുഗീസ്, റിസർച്ച് ഓഫീസർ ഡോ. കെ സുധീന്ദ്രൻ, കെൽട്രോൺ മാനേജിങ് ഡയറക്ടർ ശ്രീകുമാർ നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ സമീറ എം, റീജിയണൽ ഹെഡുമാരായ ശാലു കൃഷ്ണൻ, മൃദുല, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഉസാമ എം എൻ എന്നിവർ പങ്കെടുത്തു.
