Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന് 13 പേർ കൂടി വീടുകളിൽ തിരിച്ചെത്തി. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടിലെത്തിയവരുടെ എണ്ണം 29 ആയി.

കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേർ ഡൽഹിയിലെത്തി. ഇവർ കേരളത്തിലേക്കും ജോലി ചെയ്യുന്ന മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും യാത്ര തുടരുകയാണ്. സംഘത്തിലെ എട്ട് കേരളീയർ നിലവിൽ കാഠ്മണ്ഡുവിലാണ്. യാത്രാ സൗകര്യം ലഭിക്കുന്നതനുസരിച്ച് ഇവരും നാട്ടിലേക്ക് മടങ്ങും.

കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ കഴിയുന്നതിനിടെയാണ് സംഘം പ്രളയത്തിൽപ്പെട്ടത്. തുടർന്ന് കോട്ടാരി വഴി ഇവരെ ‘സേവ’ ക്യാമ്പിലെത്തിക്കുകയായിരുന്നു.

നേപ്പാളിൽ നിന്ന് മടങ്ങുന്ന സംഘത്തിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു. ഇവർ വൈകുന്നേരത്തോടെ കാഠ്മണ്ഡുവിലെത്തുമെന്നാണ് വിവരം. ഡോക്ടർമാരുടെ സംഘത്തിലെ മറ്റ് അംഗങ്ങൾ കേരളത്തിൽ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരന്മാരാണ്.

അതേസമയം, കാഠ്മണ്ഡുവിലേക്ക് വിനോദയാത്ര പോയ 44 അംഗ സംഘവും ഇന്ത്യയിലേക്ക് മടങ്ങുകയാണ്. ഗോരഖ്പൂരിൽ നിന്ന് റോഡ് മാർഗം ബംഗളൂരുവിലേക്ക് തിരിച്ച സംഘം രാത്രിയോടെ ബംഗളൂരുവിലെത്തും. തുടർന്ന് റോഡ് മാർഗം കോഴിക്കോട്ടേക്ക് യാത്ര തുടരും. ഓഗസ്റ്റ് 31 രാവിലെ സംഘം കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നാലംഗ കുടുംബം, ഡാർജിലിങ്ങിലെത്തിയ നാലംഗ കുടുംബം, കാസർഗോഡിൽ നിന്നുള്ള അഞ്ചംഗ സംഘം എന്നിവരടങ്ങുന്ന 13 പേർ ഇന്ന് വീടുകളിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം 16 പേരും നാട്ടിലെത്തിയിരുന്നു. ശേഷിക്കുന്നവർ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുകയാണ്.

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആശയവിനിമയം സാധ്യമാകാത്തവരിൽ വിദേശ പൗരന്മാരും

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഹെൽപ്പ് ലൈനിൽ രജിസ്റ്റർ ചെയ്തവരിൽ ആശയവിനിമയം സാധ്യമാകാത്ത ഏഴ് പേരിൽ രണ്ടുപേർ ആന്ധ്രാപ്രദേശ്, കർണാടക സ്വദേശികളാണെന്ന് വ്യക്തമായി.

നിലവിൽ വിവരങ്ങൾ ലഭ്യമാകാത്ത അഞ്ചുപേരിൽ നാല് പേർ കേരളത്തിൽ കുടുംബവേരുകളുള്ള ഓസ്ട്രേലിയൻ പൗരന്മാരും ഒരാൾ ബ്രിട്ടീഷ് പൗരനുമാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളും ഇന്ത്യയിലേക്കും തുടർന്ന് കേരളത്തിലേക്കുമുള്ള മടക്കയാത്രാ നടപടികളും തുടരുകയാണ്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!