പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ്
എഴുത്തും വായനയും പുതിയ തലമുറയിൽ നിന്നും അന്യമായി എന്ന സ്ഥിരംപല്ലവിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിലെ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച തിരുവനന്തപുരം കേന്ദ്രമായുളള മനാറുൽ ഹുദാ ട്രസ്റ്റ് വിദ്യാഭ്യസരംഗത്തിന് നൽകിയ സമ്മാനമാണ് ഓക്സ്ഫോർഡ് സ്കൂളുകൾ.
ഗുണമേന്മയുളള വിദ്യാഭ്യസം വിട്ടുവീഴ്ചകളില്ലാതെ സമൂഹത്തിന്റെ നാനാ തുറകളിലുളളവർക്കും ലഭ്യമാക്കണം എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭ്യസ സ്ഥാപനങ്ങൾ ഇന്നും ആ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെയാണ് സധൈര്യം മുന്നോട്ട് പോകുന്നത്. കോഴിക്കോട് ഓക്സ്ഫോർഡ് സ്കൂളിലെ മൂന്ന് മുതൽ പ്ലസ് ടൂ വരെയുളള ക്ലാസുകളിലെ നൂറ് വിദ്യാർത്ഥികൾ രചിച്ച നൂറ് പുസ്തകങ്ങളാണ് 2025 ജനുവരി 25ന് സാഹിത്യലോകത്ത് കഥയായും,കവിതയായും,യാത്രാനുഭവമായും,ലേഖനമായും വായനക്ക് മിഴിവേകാൻ എത്തിയത്.
സംസ്ഥാനത്തെ വിദ്യഭ്യാസ ചരിത്രത്തിൽ തന്നെ ഇടം നേടിയ ഈ നൂറ് പുസ്തകങ്ങളും ഒരറ്റ വേദിയിൽ വച്ച് തന്നെ പ്രകാശനം ചെയ്യപ്പെട്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടം പിടിച്ചു. പുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചത് നോബൽ സമ്മാന ജേതാവും ഫ്രഞ്ച് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ഡഫ്ലോയാണ് എന്ന പ്രത്യേകത കൂടി ഈ മഹനിയ മുഹുർത്തത്തിനുണ്ടായി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ പി സുരേന്ദ്രൻ പുസ്തകങ്ങൾ പ്രകാശനം ചെയ്ത് കുട്ടികളെ അനുഗ്രഹിച്ചു കൊണ്ട് പ്രഭാഷണം നടത്തി. ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സീൻ്റെ കേരളത്തിലെ അഡ്ജ്യുറിക്കേറ്ററായ സാം ജോർജ് സ്‌കൂളിൻ്റെ ഈ റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.
പുസ്തക രചന നടത്തിയ ഈ വിദ്യാർത്ഥികൾക്ക് എന്നും ഒരു പ്രചോദനം തന്നെയായിരിക്കും അവരുടെ ഈ ഓക്സ്ഫോർഡ് സ്കൂളിലെ പഠനകാലത്തുണ്ടായ ഈ രചനാ അനുഭവങ്ങൾ. കുട്ടികൾ കൈവരിച്ച ഈ നേട്ടത്തിനു പിന്നിൽ അവർക്ക് താങ്ങായി പ്രിൻസിപ്പൽ ഡോ : അനസും, അധ്യാപകരായ തംഷീറ.കെ.പിയും, ഫർസാന പർവീണും, കോ- ഓർഡിനേറ്റർ സെബീർ പി.ഇയും അവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി അക്ഷീണം കൂടെയുണ്ടായിരുന്നു. ദൈനംദിന പഠനത്തിന് വിഘാതം വരുത്താതെ അഞ്ച് മാസം കൊണ്ടാണ്പുസ്തക രചനയും പുസ്തകങ്ങളുടെ രൂപ കൽപ്പനയും വിദ്യാർത്ഥികൾ നിർവ്വഹിച്ചത്. 30 മുതൽ 100 പേജുകൾ വരെയുളള പുസ്തകങ്ങൾ എ ഫോർ വലിപ്പത്തിലുളള നിലവാരമുളള കടലാസിലാണ് അച്ചടിച്ചിരിക്കുന്നതും.