
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടേയും വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പാണ് 9.26 കോടി രൂപയുടെ ഭരണാനുമതി ഉത്തരവ് നല്കിയത്.
തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) യാണ് കിഫ്ബി ധനസഹായത്തോടെയുള്ള പുനരധിവാസ പദ്ധതിയുടെ എസ്.പി.വി. കിഫ്ബി മുഖേന നടപ്പാക്കുന്ന വികസന പദ്ധതികളിൽ പുനരധിവാസ പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ള ആദ്യ പ്രോജക്ടാണിത്. ശാസ്തമംഗലം മുതൽ വട്ടിയൂർക്കാവ് മണ്ണറക്കോണം വഴി പേരൂർക്കട വരേയും മുക്കോല വഴി വഴയില വരെയുമുള്ള 10.8 കിലോമീറ്റർ റോഡ് 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. പുനരധിവാസ പദ്ധതിക്കായി വട്ടിയൂർക്കാവ് ജംഗ്ഷനിൽ 2.31 ഏക്കർ ഭൂമി 89 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്തു. ഏറ്റെടുത്ത വസ്തുവിലെ നിർമ്മിതികൾ പൂർണ്ണമായി പൊളിച്ചു നീക്കി.
പുനരധിവാസ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയത് പ്രശസ്ത ആർക്കിടെക്ട് പത്മശ്രീ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്. പുനരധിവാസം ആവശ്യപ്പെട്ട 58 വ്യാപാരികൾക്കുള്ള കടമുറികളും അനുബന്ധ സൌകര്യങ്ങളുമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യാപാര സമുച്ചയം, സിനിമാ തീയറ്റർ,ബാങ്ക്വറ്റ് ഹാൾ, ആംഫി തിയറ്റർ, ഫുഡ് കോർട്ട് മുതലായ സൌകര്യങ്ങൾ അടുത്ത ഘട്ടത്തിലുണ്ടാവും. ഇപ്പോൾ ലഭിച്ച ഭരണാനുമതി പ്രകാരമുള്ള പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഓഗസ്റ്റ് മാസം തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അറിയിച്ചു.
