സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതു പ്രവർത്തനവും നാഷണൽ സർവീസ് സ്കീമിൻ്റെ കരങ്ങളിൽ ഭദ്രമാണ്

സാമൂഹ്യപ്രതിബദ്ധതയുള്ള ഏതു പ്രവർത്തനവും നാഷണൽ സർവീസ് സ്കീമിൻ്റെ കരങ്ങളിൽ ഭദ്രമാണെന്ന് ഏവർക്കും ബോധ്യപ്പെടുത്തി കൊടുത്ത കർമ്മസാരഥിയായിരുന്നു ഡോ. ആർ എൻ അൻസർ എന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സ്റ്റേറ്റ് എൻഎസ്എസ് ഓഫീസറായിരിക്കെ മരണം കവർന്നെടുത്ത ആർ എൻ അൻസറിന് അനുസ്മരണമായി വഴുതക്കാട് ഗവ:വനിതാ കോളേജിൽ നടന്ന ‘അനശ്വരം.. അവിരാമം..’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

സ്റ്റേറ്റ് ഓഫീസറായി ഡോ. അൻസർ ഉണ്ടായിരുന്ന വർഷങ്ങൾ എൻഎസ്എസിൻ്റെ മാനവിക പ്രവർത്തനങ്ങൾ ചിറകുകൾ വിടർത്തി ഉയരങ്ങൾ കീഴടക്കിയ കാലഘട്ടമായി അടയാളപ്പെടുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. നാഷണൽ സർവീസ് സ്കീമിൻ്റെ പ്രവർത്തനങ്ങളെ ഡോ. അൻസർ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. എൻഎസ്എസിന് ലോക റെക്കോർഡുകളുടെ പെരുമഴക്കാലമായിരുന്നു ഈ കാലഘട്ടം. ഫ്രീഡം വാൾ
എഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. സ്നേഹാരാമം വേൾഡ് റെക്കോർഡിലെത്തി. ലഹരിക്കെതിരെ ആസാദ് സേന, എച്ച് ഐ വി ബോധവൽക്കരണ യുവജാഗരൺ, ആയിരത്തോളം സ്നേഹവീടുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾ അൻസറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ  മുഴുവൻ കലാലയങ്ങളും നേഞ്ചേറ്റി. അവരതിനെ സാഫല്യത്തിൽ എത്തിച്ചു – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നിറപുഞ്ചിരിയും സൗമ്യമായ പെരുമാറ്റവും കൊണ്ട്, പരിചയപ്പെടുന്ന ഏതൊരാളുടെ മനസ്സിലും അൻസർ സ്ഥാനം പിടിച്ചു. Not Me But You എന്ന ആപ്തവാക്യം അടിമുടി പ്രതിഫലിപ്പിച്ച മനുഷ്യൻ. വലിപ്പച്ചെറുപ്പമില്ലാതെ, കൂടെയുള്ളവർക്ക് കരുത്തും കരുതലുമേകാൻ ഡോ. അൻസർ എന്നും ശ്രദ്ധ പുലർത്തി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ ആൻ്റണി രാജു എംഎൽഎ, എൻഎസ്എസ് റീജിയണൽ കോ ഓർഡിനേറ്റർ വൈ എം ഉപ്പിൻ, സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ദേവിപ്രിയ ഡി, ഷാജിത എസ്, ടി മനോജ് കുമാർ (സിൻഡിക്കേറ്റ് അംഗം, കേരള സർവ്വകലാശാല), ഡോ. കെ. റഹീം (സിൻഡിക്കേറ്റ് അംഗം, കാലിക്കറ്റ് സർവ്വകലാശാല), ഡോ. രാജീവ് കുമാർ എ. ഡി, ഡോ. ഷാജിത എസ്, ഡോ. എം. അരുൺ, ഡോ. രഞ്ജിത്ത് പി, ജയൻ പി വിജയൻ, വാസുദേവൻ പി, ഡോ ഇ.എൻ ശിവദാസൻ, ഡോ. ബാബുരാജൻ, മനു രാജേന്ദ്രൻ, ഡോ. എൻ എ ഷിഹാബ്, ഡോ. രമ്യ രാമചന്ദ്രൻ, പീയൂഷ് പരഞ്ച് പൈ, ബ്രഹ്മനായകം മഹാദേവൻ, ഡോ. ഷാജി എ എന്നിവർ സംസാരിച്ചു.

error: Content is protected !!