ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി

‘സി ഇ ഒ @ ഉന്നതി’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ) നടപ്പിലാക്കുന്നതിന് മുന്നോടിയായി ചീഫ് ഇലക്ട്രറൽ ഓഫീസർ രത്തൻ യു ഖേൽക്കറിന്റെ നേതൃത്വത്തിൽ  സി ഇ ഒ @ ഉന്നതി’ – ‘ഗെറ്റ് റെഡി ഫോർ എസ് ഐ ആർ’പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സി ഇ ഒ അട്ടപ്പാടി മേഖലയിലെ ഉന്നതികളായ ആനവായ്, ചിണ്ടക്കി ഉന്നതികളാണ് സന്ദർശിച്ചത്.   ചീഫ് ഇലക്ട്രറൽ ഓഫീസർ ജനങ്ങളുമായി സംവദിക്കുകയും, ഉന്നതിയിലെ മരുതി, സുന്ദരൻ, വെള്ളച്ചി എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തി രേഖകൾ പരിശോധിക്കുകയും ചെയ്തു. ഉന്നതിയിലെ എല്ലാവരുടെയും രേഖകൾ കൃത്യമാണെന്നും  ആശങ്ക വേണ്ടെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉന്നതിയിലെ ജനങ്ങൾക്ക് അവബോധം നൽകിയ അദ്ദേഹം, ഉന്നതിയിലെ കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു.

ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബുകളുടെ പ്രവർത്തനത്തിന് സംസ്ഥാനത്ത്  രണ്ടാം സ്ഥാനം നേടിയ ഐ എച്ച് ആർ ഡി കോളേജ് അഗളി, മികച്ച നേട്ടങ്ങൾ കൈവരിച്ച രാജീവ്‌ ഗാന്ധി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ് കോട്ടത്തറ തുടങ്ങിയ കോളേജുകളിൽ  ‘മീറ്റ് ദ സി ഇ ഒ’ പദ്ധതിയുടെ ഭാഗമായി സി ഇ ഒ സന്ദർശനം നടത്തി.  വിദ്യാർത്ഥികളുമായി സംവദിക്കുകയും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് സംശയ നിവാരണം നടത്തുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നത് ജനങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, യുവജനങ്ങളുടെ വോട്ടവകാശം മൂല്യമേറിയതാണെന്ന് അവർ തന്നെ തിരിച്ചറിയണമെന്നും പറഞ്ഞു. ഇത്തരത്തിലുള്ള ബോധവൽക്കരണ ക്ലാസുകളും ക്യാമ്പയിനുകളും ജനങ്ങൾക്കിടയിൽ കൂടുതൽ  വ്യാപിപ്പിക്കണമെന്നും നിർദ്ദേശിച്ചു. അർഹരായ എല്ലാ വോട്ടർമാരും ഇലക്ട്രറൽ റോളിൽ ഉൾപ്പെടണമെന്നും, അനർഹരായ മുഴുവൻ പേരെയും ഇലക്ട്രറൽ റോളിൽ നിന്നും ഒഴിവാക്കുകയുമാണ് ഇലക്ഷൻ കമ്മീഷന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണൽ ചീഫ് ഇലക്ട്രറൽ ഓഫീസർ ഷർമിള സി നായർ, ഇലക്ഷൻ  ഡെപ്യൂട്ടി കളക്ടർ സജീദ്, അട്ടപ്പാടി  തഹസിൽദാർ ഷാനവാസ് ഖാൻ, ഇലക്ഷൻ അസിസ്റ്റൻ്റ് പി എ ടോംസ്, പുതൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽസലാം  തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!