നവകേരള നിര്‍മ്മിതിയിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത് ദാരിദ്ര്യമുക്ത സംസ്ഥാനം : മന്ത്രി ഒ.ആര്‍. കേളു

നവകേരള നിര്‍മ്മിതിയിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സംസ്ഥാനതല ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ സമൂഹത്തില്‍ വലിയമാറ്റം കൊണ്ടുവന്നു. സ്ത്രീകളില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കി. മാര്‍ച്ച് 31 വരെയാണ് സാമ്പത്തിക ഇളവിന്റെ കാലാവധി.
മൈക്രോ ക്രെഡിറ്റ് വായ്പ സേവനം ഉപയോഗിച്ച് സ്ത്രീകള്‍ സാമ്പത്തിക ഭദ്രതയ്‌ക്കൊപ്പം സംരംഭക രംഗത്തേക്കും ഉയര്‍ന്നു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ആറ്റിങ്ങല്‍ നഗരസഭയില്‍ സി.ഡി.എസിന് അനുവദിച്ച ഒരുകോടി എട്ടുലക്ഷത്തി പതിനായിരം രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഉന്നതികളില്‍ ഏഴ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് ഒ.എസ്. അംബിക എംഎല്‍എ പറഞ്ഞു. 53 കോടിയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി പൂര്‍ത്തീകരിച്ചെന്നും വിവാഹ ധനസഹായം, വിദേശ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്വയംതൊഴില്‍ വായ്പ, വീട് പുനരുദ്ധാരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ സാധ്യമാക്കിയെന്നും എംഎല്‍എ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്സൺ എം.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, കെ.എസ്.ബി.സി.ഡി.സി ചെയര്‍പേഴ്‌സണ്‍ കെ. പ്രസാദ്, മാനേജിംഗ് ഡയറക്ടര്‍ അഞ്ജു കെ എസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് .ജി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!