അപൂര്‍വ്വതയിലൊരു വിവാഹം

പത്തനാപുരം: ഗാന്ധിഭവനില്‍ വെച്ച് ലളിതമായി വേറിട്ട രീതിയില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. കാരുണ്യത്തിലൂടെ ആദ്യനാളുകള്‍ക്ക് തിരിതെളിയിച്ചുകൊണ്ടാണ് മൈനാഗപ്പള്ളി സ്വദേശികളായ എ. അനില്‍ കുമാറും എസ്. രഞ്ജിനിയും ഗാന്ധിഭവനില്‍ നിന്നും ജീവിതത്തിന് തുടക്കം കുറിച്ചത്. അമ്പലങ്ങളിലോ ആഡിറ്റോറിയങ്ങളിലോ വീട്ടിലോ ആണ് സാധാരണ വിവാഹങ്ങള്‍ നടക്കാറ്. എന്നാല്‍ തങ്ങളുടെ വിവാഹത്തിലൂടെ ആഡംബരമൊട്ടുമില്ലാതെ വിവാഹ ചിലവു കുറച്ച് വരുംതലമുറയ്ക്കു മാതൃകയാകാനാണ് ഈ നവദമ്പതികള്‍ വിവാഹം ഗാന്ധിഭവനില്‍ നടത്തിയത്. ഗാന്ധിഭവനിലെ അഗതികള്‍ക്ക് തങ്ങളാലാകുന്ന സഹായം നല്‍കാനും കൂടിയാണ് വിവാഹത്തിനായി ഇവിടം സ്വീകരിച്ചതെന്നും ദമ്പതികള്‍ പറയുന്നു. ഗാന്ധിഭവനിലെ ആയിരത്തിലധികം അഗതികള്‍ ഒരുമിച്ച് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സര്‍വ്വമത പ്രാര്‍ത്ഥനകളോടുകൂടിയായിരുന്ന ചടങ്ങുകള്‍ക്ക് ഗാന്ധിഭവന്‍ അന്തേവാസികളും സേവനപ്രവര്‍ത്തരും വധൂവരന്മാരുടെ കുടുംബാംഗങ്ങളും സാക്ഷികളായി. ഗാന്ധിഭവനിലെ കുഞ്ഞുങ്ങള്‍ വധൂവരന്മാര്‍ക്ക് മധുരം നല്‍കി. സമൂഹവിവാഹങ്ങളടക്കം 200 ലധികം വിവാഹങ്ങള്‍ക്ക് ഗാന്ധിഭവന്‍ ഇതുവരെ വേദിയായിട്ടുണ്ട്.
വധൂവരന്മാരുടെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ കൂടാതെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!