ഇവരുടെ ക്ഷണക്കത്തും കൂടെയുള്ള കുറിപ്പും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു
സൈന്യത്തെ വിവാഹത്തിനു ക്ഷണിച്ചതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായ മലയാളി ദമ്പതികളെ ഇന്ന് (നവംബർ 21 ന്) പാങ്ങോട് സൈനിക കേന്ദ്രത്തിൽ വച്ച് ആദരിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വിവാഹ ക്ഷണത്തിന് സൈന്യത്തിന്റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ ദമ്പതികളുമായി സംവദിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ നിലനിൽപ്പ് പൗരന്മാരെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സൈന്യത്തെ ക്ഷണിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുൽ കാർത്തിക ദമ്പതികൾക്ക് സോഷ്യൽ മീഡിയയിലും ദേശീയ, പ്രാദേശിക വാർത്താ മാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമായിരുന്നു. നവംബർ പത്തിനാണ് തിരുവനന്തപുരം സ്വദേശികളായ രാഹുൽ-കാർത്തിക ദമ്പതികളുടെ വിവാഹം നടന്നത്. ഇരുവരും ബി ടെക് ബിരുദധാരികളാണ്. രാഹുൽ കോയമ്പത്തൂരിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരായും കാർത്തിക തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ ഐടി പ്രൊഫഷണലായും ജോലി ചെയ്യുകയാണ്. ഭാരതീയ സൈനികരുടെ സേവനത്തിന് നന്ദി അറിയിക്കുന്നതിനായി ദമ്പതികൾ വിവാഹ ക്ഷണകത്തിന്റെ ഇടതുവശത്ത് കൈകൊണ്ട് ഒരു കുറിപ്പ് എഴുതി. ‘ഡിയർ ഹീറോസ്’ എന്ന അഭിവാദ്യത്തോടെയായിരുന്നു കുറിപ്പിന്റെ ആരംഭം. കത്തിൽ അവർ ഇങ്ങെനെ എഴുതി “നവംബർ 10 ന് ഞങ്ങൾ (രാഹുലും കാർത്തികയും) വിവാഹിതരാകുന്നു. നിങ്ങളുടെ രാജ്യ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും ദേശസ്നേഹത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളുടെ സുരക്ഷക്ക് ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ തന്നതിന് നന്ദി. ഞങ്ങളുടെ വിവാഹം സന്തോഷത്തോടെ നടത്താൻ കാരണം നിങ്ങളാണ്. ഞങ്ങളുടെ ഈ പ്രധാനപ്പെട്ട ദിനത്തിൽ നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി”.
ഹൃദയംഗമമായ ഈ കുറിപ്പ് ലഭിച്ചതിന് ശേഷം, ദമ്പതിമാർക്ക് ആശംസകൾ അറിയിക്കുന്നതിനായി സൈന്യം അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വിവാഹ ക്ഷണത്തിന് രാഹുലിനും കാർത്തികയ്ക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുകയും ദമ്പതികൾക്ക് വളരെ സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുകയും ചെയ്യുന്നു . എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ക്ഷണക്കത്ത് സൈന്യം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത്. കാർഡിന്റെ ഇടതുവശത്തുള്ള ആകർഷകമായ കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും തൽക്ഷണം വൈറലാവുകയും ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വൻതോതിലുള്ള ലൈക്കുകളും ഷെയറുകളും സഹിതം കമന്റുകളിൽ മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.