മേയറുടെ കത്ത് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം : മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈം ബ്രാ‍ഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ നി‍ര്‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. തുടര്‍ അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക.

നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയ‍ര്‍ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്നിട്ട് ഒന്നരയാഴ്ച പിന്നിടുമ്ബോഴാണ് റിപ്പോര്‍ട്ട്. വ്യാജമെന്ന് മേയര്‍ മൊഴി നല്‍കുമ്ബോഴും കത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. ഈ ആഴ്ച ക്തതുമായി ബവന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിന് മുമ്ബ് തന്നെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കോര്‍പറേഷന്‍ ഓഫീസില്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാല്‍ മേയര്‍ രാജിവെക്കുന്ന പ്രശ്നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

മേയര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത്. മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി. ഇതോടെ പ്രത്യേക കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. മേയര്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. മേയര്‍ വന്നതോടെ കരിങ്കൊടിയും ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. ഗോബാക് വിളിച്ച്‌ പ്രതിഷേധിച്ചു. എന്നാല്‍ വനിതാ കൗണ്‍സിലര്‍മാരെ മേയറുടെ ഡയസിന് ചുറ്റും നിരത്തി നിര്‍ത്തി ഇടതുമുന്നണി പ്രതിരോധനം തീര്‍ത്തു. കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അടക്കം ഉയര്‍ത്തി എല്‍ഡിഎഫ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ആരും യോഗത്തില്‍ സംസാരിച്ചില്ല. ഭരണപക്ഷത്തെ ഒന്‍പത് അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ കൗണ്‍സില്‍ യോഗം മേയര്‍ അവസാനിപ്പിച്ചു. ഇന്ന് മുതല്‍ സമരം ഒന്നുകൂടി ശക്തമാക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

error: Content is protected !!