ക്യാമ്പസ്‌ വ്യവസായ പാർക്ക് പദ്ധതിക്ക് ജൂലൈ 24ന് തുടക്കം

വിദ്യാർത്ഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്തും; വ്യവസായത്തിന് ഭൂമി ലഭ്യത ഉറപ്പുവരുത്തുന്ന നൂതന പദ്ധതി: പി. രാജീവ്

വ്യവസായ ആവശ്യത്തിനുള്ള ഭൂമിലഭ്യതയുടെ കുറവ് മറികടക്കുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപം നൽകിയ നൂതന ആശയമായ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തി കാമ്പസ്‌ വ്യവസായ പാർക്കുകൾ ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ ജൂലൈ 24ന് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പദ്ധതിയിലൂടെ കഴിയുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി മാർഗ്ഗരേഖ ഫെബ്രുവരിയിൽ സർക്കാർ പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളിലൂടെ പുതിയതായി കണ്ടെത്തുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്‌പാദനം വേഗത്തിൽ ആരംഭിക്കുന്നതിനും പദ്ധതി വഴിയൊരുക്കും.

കുറഞ്ഞത്‌  അഞ്ച് ഏക്കർ  ഭൂമിയുള്ള സർക്കാർ/ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പസ്‌ വ്യവസായ പാർക്കിനായി അപേക്ഷിക്കാം. ആർട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐ.കൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പദ്ധതിക്ക് കീഴിൽ വരും. കാമ്പസുകളിൽ സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന്‌  കുറഞ്ഞത്‌ രണ്ട് ഏക്കർ ഭൂമിയാണ്‌ വേണ്ടത്. 30 വർഷത്തേക്ക് ആണ് ഡവലപ്പർ പെർമിറ്റ്‌ അനുവദിക്കുക.

കാമ്പസ്‌ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ പെർമിറ്റ്‌ ലഭിക്കുന്ന വ്യവസായ ഭൂമിക്ക്‌ കേരള ഏകജാലക ക്ലിയറൻസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡവലപ്മെൻ്റ് ആക്ട് എന്നിവക്ക് കീഴിൽ ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടാകും. കാമ്പസ്‌ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി പരിസ്ഥിതി ലോല പ്രദേശം, തീരദേശ നിയന്ത്രണ മേഖല, തോട്ടം, തണ്ണീർത്തട സംരക്ഷണ നിയമം എന്നിവയിൽ ഉൾപ്പെടരുത്. ഈ എസ്റ്റേറ്റുകളിൽ റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങൾക്ക്‌ സ്ഥലം അനുവദിക്കും.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌ വെബ്‌ പോർട്ടൽ മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്‌. ജില്ലാതല സൈറ്റ് സെലക്ഷൻ കമ്മറ്റി ശുപാർശ ചെയ്യുന്ന അപേക്ഷകൾ സർക്കാർ തലത്തിൽ വകപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച്‌ സ്വകാര്യ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ പെർമിറ്റ്‌ നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായ സമിതിയാണ് പെർമിറ്റുകൾ നൽകുക.  ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ, റവന്യൂ, തദ്ദേശ, ജലവിഭവ, ഊർജ്ജ, പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിമാർ കമ്മറ്റി അംഗങ്ങളായിരിക്കും. ക്യാമ്പസ്‌ വ്യവസായ  പാർക്കിലെ പൊതു സൗകര്യങ്ങളായ റോഡ്‌, വൈദ്യുതി, ഡ്രൈനേജ്, മാലിന്യ നിർമ്മാർജ്ജന പ്ളാൻ്റ്, ലാബ്, ടെസ്റ്റിംഗ് ആൻ്റ് സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് ഡെവലപ്പർ വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന്‌ 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപ വരെ ഒരു  എസ്റ്റേറ്റിന് നൽകും. സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ കെട്ടിട നിർമ്മാണം ഉൾപ്പടെയുള്ള  അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 1.5 കോടി രൂപയും സർക്കാർ ധനസഹായം നൽകും. എസ്റ്റേറ്റുകളിലെ അടിസ്ഥാന  സൗകര്യവികസനം പൂർത്തിയാക്കുന്ന മുറയ്ക്കാണ്‌ തുക അനുവദിക്കുക.

ആൻ്റണി രാജു എം.എൽ.എ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനാവും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരി കിഷോർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിക്കും.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

14 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

14 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

14 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

14 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago