പൊലീസുകാര്‍ സദാചാര പൊലീസാകരുത്. വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കരുത്

ദില്ലി:പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രിം കോടതി.വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നതും തെറ്റാണ്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍്റെതാണ് ഉത്തരവ് .ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്‍്റെ പേരില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്

ഡ്യൂട്ടിക്കിടെ സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളെ ശല്യപ്പെടുത്തിയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടനടപടി ശരിവെച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനനീരീക്ഷണം. 2001ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സന്തോഷ് കുമാര്‍ പാഡെ എന്ന CISF ഉദ്യോഗസ്ഥന്‍ വഡോദരയിലെ തന്റെ ഡ്യൂട്ടിക്കിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മഹേഷ് ബി ചൌധരിയെയും പ്രതിശ്രുത വധുവിനെയും തടഞ്ഞ് നിര്‍ത്തി. പിന്നാലെ ഇവരെ അധിക്ഷേപിച്ച്‌ സംസാരിക്കുകയും വിട്ടയ്ക്കണമെങ്കില്‍ പ്രതിശ്രുത വധുവിനെ തനിക്കൊപ്പം അല്‍പസമയം വിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ചൌധരി ഇതിന് തയ്യാറാകാതെ വന്നതോടെ ഇയാളുടെ കൈവശമുള്ള വിലകൂടിയ വാച്ച്‌ കൈക്കലാക്കിയ ശേഷം ഇരുവരെയും വിട്ടയച്ചു. ഇതിനെതിരെ ചൌധരി നല്‍കിയ പരാതിയില്‍ പിന്നീട് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു.

എന്നാല്‍ ഇത് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് എത്തിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഒരു വ്യക്തിയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് ശാരീരീകവും ഭൌതികവുമായ സൌജന്യങ്ങള്‍ ആവശ്യപ്പെടുന്നത് തെറ്റാണെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിക്ക് കേസില്‍ പിഴവ് സംഭവിച്ചെന്നും സുപ്രീം കോടതി നീരീക്ഷിച്ചു

error: Content is protected !!