ചൈല്‍ഡ്ലൈന്‍ നിര്‍ത്തുന്നു; ഇനി ചൈല്‍ഡ് ഹെല്‍പ്ലൈന്‍

കേന്ദ്ര വനിതാ ശിശുവികസനവകുപ്പിന് കീഴില്‍ കുട്ടികളുടെ വിളികള്‍ കൈകാര്യം ചെയ്യാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോഡല്‍ ഏജന്‍സിയായ ചൈല്‍ഡ്ലൈന്‍ സംവിധാനത്തിന് അവസാനമാകുന്നു. കുട്ടികളുടെ സഹായം ആവശ്യപ്പെട്ടുള്ള വിളികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് ലയിപ്പിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘ചൈല്‍ഡ് ഹെല്‍പ്ലൈന്‍‘ എന്ന പുതിയ സംവിധാനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രമായിരിക്കും.

സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നോഡല്‍ ഓഫിസര്‍മാരെ കണ്ടെത്താനും വനിതാ ശിശുവികസന വകുപ്പിന്റെ കൂടി കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി ഡാക് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് പദ്ധതി പൂര്‍ണമായി മാറ്റാനും പൊലീസ് മാത്രം കുട്ടികളുടെ വിളികള്‍ കൈകാര്യം ചെയ്യാനുമായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ ഇതു സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത ശിശുവികസനവകുപ്പിന്റെ കൂടി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്. കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ വിതരണം മൂന്നു ഘട്ടമായാണ് പൂര്‍ത്തിയാക്കുക.

ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ജനുവരി 6 ന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നാണ് നിര്‍ദേശം. വിവിധ സംസ്ഥാനങ്ങള്‍ക്ക് മൂന്നു ഘട്ടമായി ഡിസംബര്‍ 28 മുതല്‍ ഫെബ്രുവരി 16 വരെയുള്ള തിയതികളാണ് അനുവദിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 1098 എന്ന നമ്പര്‍ നിലനിര്‍ത്തുമെങ്കിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതോടെ അത് ഇല്ലാതായേക്കുമെന്നാണ് സൂചന. 112 എന്ന പൊലീസ് നമ്പറിലാവും കോളുകള്‍ സ്വീകരിക്കുക.1098 പോലെ കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ നമ്പര്‍ ഒഴിവാക്കരുതെന്നാണ് ആവശ്യം

error: Content is protected !!