തിരുവനന്തപൂരം : പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക കൂട്ടായ്മ സർഗവാണി ക്രീയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന വഴിയമ്പലമെന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ കെ.ലൈലാസ് നിർവഹിച്ചു. കൂടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ വളർന്ന് വരുന്ന കുട്ടികളേയും വിദ്യാലയങ്ങളെയും സാരമായി ബാധിക്കുന്നുവെന്ന സന്ദേശമാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.അനിൽ കാരേറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോക്ടർ കെ. ലൈലാസ്, പ്രദീപ്, കേശവൻ കുട്ടി, ബിജു, ഡെൻസിംഗ്, കുന്നത്തൂർ ജെ. പ്രകാശ്, ഷീന, ശ്രീജ , ബീന, ബിന്ദു ജോൺ , ഗീതാ കുമാരി , കെ.സി. രമ എന്നീ അധ്യാപകരും സ്വാതി എം.എസ്, സ്മൃതി എം.എസ് , സ്വാതിഷ് ബാബു എന്നീ വിദ്യാർത്ഥികളും അഭിനയിക്കുന്നു. ഗാനരചന കുന്നത്തൂർ ജെ പ്രകാശ്, സംഗീതവും ആ ലാപനവും കെ.സി രമ. ക്യാമറ സജി വ്ലാത്താങ്കര. മേക്ക് രജനി അജിനാസ് വെള്ളറട. കാലികപ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അധ്യാപകരുടെ വാക്കുകൾക്ക് സമൂഹം വില കൽപ്പിക്കുന്നു എന്നതിൽ അഭിമാനിക്കുന്ന ഒരു കൂട്ടം അധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് ബോധവൽക്കരണം നടത്താൻ സിനിമ എന്ന മാധ്യമം തെരത്തെടുക്കുകയായിരുന്നു എന്ന് കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ. പ്രകാശ് പറഞ്ഞു. ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് അദ്ദേഹം. കണിയാപുരം, പൂത്തൻ തോപ്പ് ബീച്ച്, കരിച്ചാറ, വേറ്റിനാട്, പേട്ട, ശംഖുമുഖം എന്നിവടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറാക്കാൻ കഴിയുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.