HEALTH

‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം: മന്ത്രി ഡോ. ആർ ബിന്ദു

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരുമായി ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും അർബുദം മുതലായ രോഗങ്ങളാലും കിടപ്പിലായവർ എന്നിങ്ങനെ ദിനേനയുള്ള കാര്യങ്ങളിൽ സഹായം വേണ്ടവർക്കും അവരുടെ സഹായികൾക്കും വേണ്ടി പ്രതിമാസം അറുന്നൂറ് രൂപ അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.

ശയ്യാവലംബർ, ബുദ്ധിമാന്ദ്യവും ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ചവർ, മാനസിക വൈകല്യമുള്ളവർ, മാനസികരോഗികൾ എന്നിവർക്ക് പുറമെ, നൂറു ശതമാനം അന്ധത ബാധിച്ചവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ മുഴുവൻ പേരുടെയും പരിചാരകർ എന്നിവർകൂടി ഉൾപ്പെടുന്ന വിധം പദ്ധതി വിപുലമാക്കപ്പെട്ടിട്ടുണ്ട്. ഇത് ഗുണഭോക്താക്കളുടെ എണ്ണത്തിലും അതുവഴി പദ്ധതിക്ക് വേണ്ട തുകയിലും വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. അപ്പോഴും, സർക്കാരിന്റെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പദ്ധതിക്കുവേണ്ട തുക ലഭ്യമാക്കി മുടങ്ങാതെ വിതരണംചെയ്യാൻ മന്ത്രിയെന്ന നിലയിൽ പ്രത്യേക ശ്രദ്ധകൊടുത്തിട്ടുണ്ട്.

ഈ പദ്ധതിയിൽ 2021-22 സാമ്പത്തികവർഷം 40 കോടി രൂപ വിതരണം ചെയ്‌തു. 2022-23 സാമ്പത്തികവർഷം 42.50 കോടി രൂപ ബജറ്റിൽ നീക്കി വെച്ചതിൽ ആദ്യഗഡുവായി കിട്ടിയ പത്തുകോടി രൂപ ഉപയോഗിച്ച് ഏഴു ജില്ലകളിൽ (ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ) അഞ്ചു മാസത്തേയും ബാക്കി ഏഴു ജില്ലകളിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസറഗോഡ്) നാലുമാസത്തെയും ധനസഹായവിതരണം പൂർത്തിയാക്കി. പദ്ധതിയുടെ ആനുകൂല്യം യഥാർത്ഥ ഗുണഭോക്താക്കളിൽത്തന്നെ എത്തുന്നത് ഉറപ്പാക്കാൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക്-ആധാര വിവരങ്ങൾ എന്നിവ ലിങ്ക് ചെയ്യാൻ നടപടിയെടുത്തിരുന്നു. അത് പൂർത്തിയാക്കിയ 34,965 ഗുണഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകിയിട്ടുള്ളത്. 9,86,20,800 രൂപ ഇങ്ങനെ വിതരണംചെയ്‌തു. വകയിരുത്തിയ വിഹിതത്തിൽ ബാക്കി തുകയായ 32.50 കോടി രൂപ എത്രയും പെട്ടെന്നുതന്നെ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യും. നിലവിൽ സഹായത്തിനു അർഹത നേടിയവരിൽ പെൻഷൻ നൽകുന്നതിന് ബാക്കിയുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റും ആധാറും സാമൂഹ്യനീതിവകുപ്പിൽ ലഭിക്കുന്ന മുറയ്ക്ക് അവ പട്ടികയിൽ ഉൾപ്പെടുത്തിവരുന്നുണ്ട്.

പദ്ധതിയിൽ സഹായം ലഭിക്കാവുന്നരുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. അധിക ധനവിനിയോഗം സാധ്യമാവുന്നതനുസരിച്ച് ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകളിൽ തീർപ്പുകല്പിച്ച് അവർക്കുകൂടി ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

12 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

12 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

12 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

12 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago