സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ ക്യാമ്പയിന്‍ പോലുള്ള പദ്ധതികള്‍ ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ചികിത്സാ രീതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്. അതുവഴിയാണ് ജനങ്ങളില്‍ ചികിത്സകളുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളസര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വനിതകള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അഗസ്റ്റിന്‍ എ. ജെയും വനിതകള്‍ക്കായുള്ള ഹെല്‍ത്ത് ക്യാമ്പയിന്‍ അരുവിക്കര ജി.എച്ച്. ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത് വി എസും നടത്തി. സ്റ്റേറ്റ് അഡ്മിനായ ഡോ. അനില്‍ എസ്. കെ വകുപ്പിന്റെ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം സോഫ്റ്റ്വെയര്‍ എ.എച്ച്.ഐ.എം.എസിനെക്കുറിച്ച് വിശദീകരിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അതിജീവനം ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായി.