ഹരിതകര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു

തിരുവനന്തപുരം നഗരസഭയുടെ യശസ്സ് വാനോളം ഉയര്‍ത്തി അഭിമാനമായി മാറിയ ഹരിതകര്‍മ്മസേനയെ ആദരിച്ചു. നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ കരുതിയ മോതിരം തിരികെ നല്‍കി മാതൃകയായ ഹരിതകര്‍മ്മസേനാംഗങ്ങളെ മേയര്‍ അനുമോദിച്ചു. വെങ്ങാനൂര്‍ സ്വദേശി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു മോതിരം കളഞ്ഞുപോയത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയുടേതായിരുന്നു മോതിരം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെ മോതിരം കിട്ടുകയും വെങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ മോതിരം ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. നഗരസഭയുടെയും ഹരിതകര്‍മ്മസേനയുടെയും അഭിമാനമായി മാറിയ ശാലിനിയെയും ടീമംഗങ്ങളായ സരിത.എം, പ്രഭ.എസ്, തങ്കമണി.കെ, ലീല.ഡി, ഷീജ.എല്‍, ഷിജിമോള്‍, അജിത.കെ.ആര്‍, ഉഷാകുമാരി, ബീനമോള്‍.ജി.എസ്, ഷീനാകുമാരി, ജിഷ.കെ.എസ് എന്നിവരെ മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടെത്തി അഭിനന്ദിച്ചു. ഹരിതകര്‍മ്മസേനയുടെ സത്യസന്ധമായ പ്രവര്‍ത്തനം നഗരസഭയ്ക്ക് അഭിമാനമാണെന്ന് മേയര്‍ പറഞ്ഞു. നഗരത്തിന്റെ ശുചിത്വ പരിപാലനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും തങ്ങളുടെ കര്‍മ്മമണ്ഡപത്തില്‍ മികവ് പുലര്‍ത്താന്‍ ഹരിതകര്‍മ്മസേനയ്ക്ക് കഴിയുന്നുവെന്ന് മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സിന്ധുവിജയന്‍, പനിയടിമ, നിസാമുദ്ദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!