ഗ്ലോബൽ മാരിടൈം സമ്മിറ്റ് : ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’

മുംബൈ, ഒക്ടോബർ 18 :  കേരളത്തിൻറ്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. 

മുംബൈയിൽ നടക്കുന്ന ആഗോള മാരിടൈം ഉച്ചകോടിയിലെ കേരള സെഷനിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരിന്നു മന്ത്രി. 

ഉച്ചകോടിയിലെ രണ്ടാം ദിവസത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കേരള സെഷൻ. 

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വിപണിസാധ്യത തേടാനും മാരിടൈം, ടൂറിസം, ഫിഷറീസ്, വാണിജ്യം, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ബോധ്യപെടുത്താനുമാണ് ഈ സെഷൻ ബന്ധപ്പെട്ടവർ ഉപയോഗപ്പെടുത്തിയത്. 

കേരളത്തിൻറ്റെ മാരിടൈം  ആസ്തികൾ വികസിപ്പിക്കുന്നതിനും ചരക്ക് നീക്കവും യാത്രക്കാരുടെ നീക്കവും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും തീരദേശ, ബീച്ച് ടൂറിസം, സമുദ്ര വിദ്യാഭ്യാസ മേഖലകൾ, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകൾ, തുറമുഖങ്ങളുടെ വികസനവും പ്രവർത്തനവും ത്വരിതപ്പെടുത്തുന്നതിനും ആഗോള പങ്കാളികളുമായി കൈകോർക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ വൃക്തമാക്കി. 

സംസ്ഥാനം നിലവിൽ പരിവർത്തന ഘട്ടത്തിലാണെന്നും  വിജ്ഞാനാധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കേരളത്തെ മാരിടൈം വിദ്യാഭ്യാസത്തിൻറ്റെയും  പരിശീലനത്തിൻറ്റെയും ഗവേഷണത്തിൻറ്റെയും കേന്ദ്രമാക്കി മാറ്റാനാണ് കേരള സർക്കാരും, കേരള മാരിടൈം ബോർഡും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

നിക്ഷേപകർക്ക് വളരെ നല്ല അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് ചടങ്ങിൽ സഹ-അധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തുണ്ട്. സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതായും മന്ത്രി അറിയിച്ചു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറ്റെ അനന്തസാധ്യതകളെ പറ്റി വിശദീകരിച്ചത് അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോർട്സ് ) സുബ്രത തൃപാഠിയാണ്. 

നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്മെൻറ് ചരക്കുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. എന്നാൽ ഒരു ട്രാൻസ്ഷിപ്മെൻറ് പോർട്ട് യാഥാർഥ്യമാകുന്നതോടെ 

ഫോറെക്സ് സമ്പാദ്യം, നേരിട്ടുള്ള വിദേശ നിക്ഷേപം, മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലെ വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ, അനുബന്ധ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രവർത്തന / ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തൽ, വരുമാന വിഹിതം വർദ്ധിപ്പിക്കൽ തുടങ്ങിയ ഗണ്യമായ നേട്ടങ്ങൾ സംഭവിക്കുന്നതായി സുബ്രത തൃപാഠി വ്യക്തമാക്കി. 

അടുത്ത ആറ് -എട്ട് മാസങ്ങൾക്കുളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചരക്കു കപ്പൽ എത്തുമെന്നും അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോർട്സ് ) പറഞ്ഞു. 

ചടങ്ങിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ്. ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് സിഇഒ ഡോ.അദീല അബ്ദുള്ള, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, 

ആഗോളനിക്ഷേപകർ, ഇന്ത്യയിലെയും വിദേശത്തെയുമുൾപ്പെടെ കപ്പൽ കമ്പനി പ്രതിനിധികൾ, തുറമുഖ കമ്പനി സി.ഇ.ഒ.മാർ, മാരിടൈം വിദഗ്‌ധർ തുടങ്ങിയവർ സംബന്ധിച്ചു. 

error: Content is protected !!