മരണമടഞ്ഞയാളിന് തപാല്‍ വോട്ട്: കോണ്‍ഗ്രസ് പരാതി നല്‍കിയ ബിഎല്‍ഒ, ഇആര്‍ഒ മാര്‍ക്കെതിരെ നടപടി വേണം

തിരുവനന്തപുരം: മരണമടഞ്ഞവരുടെ പേരില്‍ ‘വീട്ടില്‍ വോട്ട് ‘ ചെയ്യാന്‍ നടന്ന ശ്രമത്തെ കോണ്‍ഗ്രസ് തടഞ്ഞു. തിരുവനന്തപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ മരണമടഞ്ഞ മൂന്നുപേരുടെ പേരില്‍ 85 വയസ് കഴിഞ്ഞവര്‍ക്കുള്ള വോട്ടിന് അപേക്ഷ നല്‍കി തപാല്‍ വോട്ട് ചെയ്യാനുള്ള ശ്രമത്തെയാണ് ബൂത്ത് ഏജന്റുമാരുടെ അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞത്.

വീട്ടില്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ തടസവാദം ഉന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കാതെ മടക്കുകയാണുണ്ടായത്. മരണമടഞ്ഞയാളിന്റെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയ ആളിനെ കണ്ടെത്തുകയും ചെയ്തു. കള്ളവോട്ടിന് കൂട്ടുനിന്ന ബിഎല്‍ഒ, ഇആര്‍ഒ എന്നിവര്‍ക്കെതിരെ ആര്‍പി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ പരാതി നല്‍കി.

ഇത്തരത്തിലുള്ള ക്രമക്കേട് സംസ്ഥാനമൊട്ടാകെ നടന്നിരിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ 85 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ ഇവര്‍ക്ക് ഇതുവരെ നല്‍കിയ എല്ലാ തപാല്‍ വോട്ടുകളും പുനഃപരിശോധിക്കണമെന്ന് കെപിസിസി തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ റഹ്‌മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

error: Content is protected !!