ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ കാസർഗോഡ് ജില്ലാ ഓഫീസ് നാളെ നാടിനു സമർപ്പിക്കും: മന്ത്രി ഡോ. ആർ. ബിന്ദു

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ കാസർഗോഡ് ജില്ലാ ഓഫീസ് മാർച്ച് 12ന് നാടിനു സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയ്ക്ക് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനിലൂടെ ഓഫീസ് ഉദ്‌ഘാടനം നിർവ്വഹിക്കും.

സഹായ ഉപകരണങ്ങൾ ഉൾപ്പെടെ ലഭിക്കാൻ വടക്കൻ ജില്ലയിലെ ഭിന്നശേഷിക്കാർക്ക് നിലവിൽ കോഴിക്കോടുള്ള റീജിയണൽ ഓഫീസും വിദ്യാഭ്യാസം/സ്വയം തൊഴിൽ/വാഹന/ഭവന വായ്പകൾ, ഇന്റർവ്യു, മറ്റു ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി തിരുവനന്തപുരം കേന്ദ്രവുമാണ് ആശ്രയം. ഈ പരിമിതിക്കാണ് കാസർഗോഡ് ജില്ലാ ഓഫീസ് ആരംഭിക്കുന്നതോടെ പരിഹാരമാവുക. ഇനിമുതൽ വായ്പാ നടപടിക്രമങ്ങൾ പൂർണ്ണമായും ജില്ലാഓഫീസിൽ നിറവേറ്റും.

ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കാൻ എല്ലാ ജില്ലകളിലും കോർപ്പറേഷൻ ഓഫീസുകൾ ആരംഭിക്കുമെന്ന് ഇടതുമുന്നണി സർക്കാർ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകവഴി ഭിന്നശേഷി വിഭാഗത്തിന്റെ സർവ്വതോമുഖമായ ഉന്നമനമാണ് ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മുന്നോട്ടുവെയ്ക്കുന്നത്.

കാസർഗോഡിന് പുറമെ, നിലവിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസുകൾ ഇല്ലാത്ത മറ്റു ജില്ലകളിലും ഓഫീസുകൾ ആരംഭിക്കും. ഇതുവഴി സാമുഹ്യനീതി വകുപ്പ് പൊതുവായും ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വിശേഷിച്ചും നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ ഭിന്നശേഷിക്കാരിലും കൂടുതൽ സുഗമമായി എത്തിക്കാൻ സാധിക്കും – മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

error: Content is protected !!