കോവളത്തെ കടല്‍ക്ഷോഭം:  അടിയന്തര നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

കോവളം മണ്ഡലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശമേഖലയിലെ വീടുകള്‍ക്ക് നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉത്തരവ് പുറപ്പെടുവിച്ചു. കടലാക്രമണം മൂലം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കി വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കടൽക്ഷോഭം : നെയ്യാറ്റിൻകര താലൂക്കിൽ 49 പേർ ക്യാമ്പുകളിൽ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. 14 കുടുംബങ്ങളാണ് പൊഴിയൂർ ഗവ.യു.പി.എസിലുള്ളത്. 11 പുരുഷന്മാരും 11 സ്ത്രീകളും 1 കുട്ടിയുമടക്കം 23 പേരാണ് ഇവിടെയുള്ളത്. പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 14 കുടുംബങ്ങളിൽ നിന്നായി 26 പേരാണുള്ളത്. ഒൻപത് പുരുഷന്മാരും 14 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.

error: Content is protected !!