“ജനശത്രു” : രാഷ്ട്രീയ – ആക്ഷേപഹാസ്യ നാടകവുമായി എ ഐ ഡി വൈ ഒ യുവജന കലാജാഥ

തിരുവനന്തപുരം : ജീവിത ദുരിതങ്ങൾ എണ്ണിപ്പറയുന്ന ജനശത്രു എന്ന രാഷ്ട്രീയ – ആക്ഷേപ ഹാസ്യ തെരുവ് നാടകവുമായി ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എ ഐ ഡി വൈ ഒ) സംസ്ഥാന യുവജന കലാജാഥക്ക് തുടക്കമായി. രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ബി ജെ പി സർക്കാരിനെ പുറത്താക്കുക, ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് കലാജാഥ.

ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള നമ്മുടെ രാജ്യത്ത് കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി രാജ്യത്തെ തൊഴിൽ സുരക്ഷയെ തന്നെ അട്ടിമറിച്ചിരിക്കുന്നത്. മാന്യമായി തൊഴിലോ ജീവിക്കാനുള്ള വരുമാനമോ ഇല്ലാതെ ജനങ്ങൾ കുറ്റകൃത്യങ്ങളിലേക്ക് കടക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ജാതി – മത വർഗീയതകൾ ആളിക്കത്തിച്ചുകൊണ്ട് ഭരണാധികാരികൾ നടപ്പിലാക്കുന്നത്. ഇതിനെതിരെ യുവജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തിയെടുക്കുവാനും ജനകീയ സമര രാഷ്ട്രീയത്തെ സ്ഥാപിക്കാനുമാണ് ജാഥ ലക്ഷ്യം വെക്കുന്നത് എന്ന് എ ഐ ഡി വൈ സംസ്ഥാന പ്രസിഡന്റ് ഇ വി പ്രകാശ് പറഞ്ഞു.

എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ കുമാർ കലാജാഥ ഉദ്ഘാടനം ചെയ്തു. ജില്ലയിൽപര്യടനം നടത്തിയ ജാഥ ശ്രീകാര്യം, കിഴക്കേകോട്ട, മണക്കാട്, തമ്പാനൂർ, ശംഖുമുഖം എന്നിവിടങ്ങളിൽ കലാസംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് പി കെ പ്രഭാഷ്, സംസ്ഥാന ജില്ലാ സംഘാടകരായ നന്ദഗോപൻ വെള്ളത്താടി, സി ഹണി, ശരണ്യാ രാജ്, ശരത് ഷാൻ, മീര പി കെ, സൂര്യസെൻ തുടങ്ങിയവരാണ് കലാജാഥയിലെ സ്ഥിരാംഗങ്ങൾ. തെരുവ് നാടകത്തോടൊപ്പം ഗാന അവതരണങ്ങളുമായി വിവിധ ജില്ലകളിൽ പര്യടനം പൂർത്തിയാക്കി ജാഥ 13ന് കോഴിക്കോട് സമാപിക്കും.

error: Content is protected !!