പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്തിന്റെ വികസന കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ നേമം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ഡല വികസനത്തിനായി എന്തു ചെയ്തുവെന്ന് പറയാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നു. ഇക്കാലയളവിൽ ശശി തരൂർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപട്ടതിന്റെ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാട്ടാൻ ആവില്ല.

കേന്ദ്ര മന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ. എന്ത് പദ്ധതിയാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിന്, പ്രത്യേകിച്ച് തിരുവനന്തപുരത്തിനായി കൊണ്ടുവന്നിട്ടുള്ളത്. കേരള വികസനത്തിന് തുരങ്കം വയ്ക്കുക മാത്രമാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കൾ ചെയ്തിട്ടുള്ളത്.

കോടീശ്വരന്മാരായ ശശി തരൂരും രാജീവ് ചന്ദ്രശേഖറും സാധാരണ ജനങ്ങൾക്ക് പ്രാപ്യരല്ല . എംപിയായ ശശി തരൂരിനെ മണ്ഡലത്തിലെ ആർക്കെങ്കിലും അത്യാവശ്യത്തിന് ഫോണിലെങ്കിലും വിളിച്ചു കിട്ടിയിട്ടുണ്ടോ. രാജീവ് ചന്ദ്രശേഖറേയും ഫോണിൽ വിളിച്ചാൽ കിട്ടുമോ. വികസന സംവാദം അല്ല, മറിച്ച് പണം നൽകി വോട്ട് വാങ്ങാൻ ശ്രമിക്കുന്നു എന്നതിന് സംബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കം.

മണ്ഡലത്തെ പ്രതിനിധീകരിക്കേണ്ടത് ജനങ്ങൾക്ക് സമീപിക്കാൻ ആവുന്ന വ്യക്തിയാകണം. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന നേതാവാണ് പന്ന്യൻ രവീന്ദ്രൻ. പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായപ്പോൾ കേന്ദ്ര ഫണ്ടിലൂടെ മണ്ഡലത്തിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നു. ഈ ചരിത്രമുള്ള പന്ന്യൻ രവീന്ദ്രന്റെ വിജയം തിരുവനന്തപുരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

error: Content is protected !!