കുട്ടികളില്‍ വായനാ ശീലം വളര്‍ത്താന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുസ്തക ചങ്ങാതി ഒരുങ്ങി

കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ആരംഭിച്ച ‘പുസ്തക ചങ്ങാതി‘ എന്ന പദ്ധതി കോവളം എല്‍.പി.സ്‌കൂളില്‍ എം. വിന്‍സെന്റ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വൈ.ഡബ്ല്യു.സി.എ യുടെ സഹകരണത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌.

കേരളക്കരയിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വേൾഡ്‌ മലയാളി കൗണ്‍സില്‍ കുട്ടികളുടെ ബൌദ്ധിക വികാസത്തിനായി ആരംഭിച്ച പുസ്തക ചങ്ങാതി എന്ന പദ്ധതി ഏറെ ശ്ലാഘനീയമാണ്‌ എന്ന്‌ എം.എല്‍.എ അഭിപ്രായപ്പെട്ടു.

ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുന്ന മലയാളി സമൂഹത്തിന്റെ വേറിട്ട കൂട്ടായ്മയാണ്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍.

ഒരേ പേരില്‍ അറുപത്‌ രാജ്യങ്ങളിലേറെ ഒരേ സംഘടനാ ചട്ടക്കൂടില്‍ മലയാളികളുടെ സാമൂഹിക സാംസ്ക്കാരിക ഉന്നതിക്കായി (പവര്‍ത്തിക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‌ കേരളത്തില്‍ നാല്‌ മേഖലാ പ്രൊവിന്‍സുകളും ജില്ലകളില്‍ ചാപ്റ്ററുകളും പ്രവര്‍ത്തിക്കുന്നു.

സാക്ഷരതയില്‍ മുന്നിലുള്ള കേരളീയ സമൂഹത്തിലെ പുതിയ തലമുറയിലെ കുട്ടികളില്‍ വായനാശീലം വളരെ കുറയുന്നതായി ഈയിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടിലൂടെ അറിയാനിടയായി.

കുട്ടികളില്‍ വായനാ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ തിരുവനന്തപുരം ചാപ്റ്റര്‍ ആരംഭിക്കുന്ന പദ്ധതി സ്കൂളുകളിലൂടെയാണ്‌ നടപ്പാക്കുന്നത്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സാംസ്കാരിക വേദി ചെയര്‍മാന്‍ വി.പി.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ പ്രസിഡണ്ട്‌ മോളി സ്‌റ്റാന്‍ലി സ്വാഗതം ആശംസിച്ചു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബൽ വൈസ്‌ പ്രസിഡണ്ട്‌ ഷാജി എം.മാത്യു പുസ്തകങ്ങള്‍ കൈമാറി.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നിസാമുദ്ദീന്‍, കോവളം സി.ഐ. ബിജോയ്‌. എസ്‌, സാം ജോസഫ്‌ (പ്രസിഡന്റ്‌, തിരുവിതാംകൂര്‍ പ്രോവിന്‍സ്‌) സ്‌റ്റാന്‍ലി (ഫാന്‍സിസ്‌ (നിയുക്ത ചെയര്‍മാന്‍, തിരുവിതാംകൂര്‍ പ്രോവിന്‍സ്‌) സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്‌.ടി.ശിവകുമാര്‍, കോവളം സുകേശന്‍, രഞ്ജിത്‌ രവീന്ദ്രന്‍ (സെക്രട്ടറി, തിരുവനന്തപുരം ചാപ്റ്റര്‍, സുഗുണൻ ഞെക്കാട്‌ (കൺവീനര്‍, കള്‍ച്ചറല്‍ ഫോറം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈ ഡബ്ല്യു സി എ പ്രസിഡണ്ട്‌ സബീന എലിസബത്ത്‌ ജോര്‍ജ്ജ്‌ നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!